

ഒരു മാസം നീണ്ടുനില്‍ക്കുന്ന മസ്‌കത്ത് നൈറ്റ്സിന് ജനുവരി ഒന്നിന് തുടക്കമാകും. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുക. മസ്‌കത്തിന്റെ അഭിമാന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. രണ്ട് ദശലക്ഷം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ശൈത്യകാലത്തിന്റെ ശോഭ ഒട്ടും കുറയാതെ വിനോദം, സംസ്‌കാരം, കായികം എല്ലാം ഒത്തുചേരുന്ന ഒരു ഏകീകൃത നഗരമാക്കി ഒമാനെ മാറ്റുകയാണ് മസ്‌ക്കത്ത് നൈറ്റ്സിലൂടെ ലക്ഷ്യമിടുന്നത്. കോറം, അല്‍ അമറാത്ത്, ഒമാന്‍ ഓട്ടോമൊബൈല്‍ ക്ലബ്, റോയല്‍ ഓപ്പറ ഹൗസ്, സീബ് ബീച്ച്, ഖുറയ്യത്ത്, വാദി അല്‍ഖൂദ്, എന്നീ പൊതു ഇടങ്ങള്‍ക്ക് പുറമെ പ്രധാന ഷോപ്പിങ് മാളുകളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. കോറം നാച്ചുറല്‍ പാര്‍ക്കിലെ തടാകത്തില്‍ കലയും സാങ്കേതികവിദ്യയും കൂടി കലര്‍ന്ന നൂതന ദൃശ്യാനുഭവമായിരിക്കും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.
സംഗീതവും പ്രകാശവും സമന്വയിപ്പിച്ച ഫീച്ചര്‍ കൊറിയോഗ്രാഫ് ചെയ്ത വാട്ടര്‍ മ്യൂസിക് ഫൗണ്ടന്‍ ആകര്‍ഷകമായ രാത്രികാല കാഴ്ചകളില്‍ ഒന്നായിരിക്കും. ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വേദിയില്‍ ദിവസേനയുള്ള പ്രകടനങ്ങള്‍ക്കൊപ്പം സര്‍ക്കസും അരങ്ങേറും. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന അക്രോബാറ്റിക്‌സ്, സ്‌കൈ വാക്ക്, ത്രിമാന ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന ഹോളോഗ്രാം സാങ്കേതികവിദ്യ, നൂതന പ്രകാശ-അധിഷ്ഠിത സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു മഹാ വേദിയായിരിക്കും മസ്‌കത്ത് നൈറ്റ്‌സ്. കാര്‍ണിവല്‍, റൈഡുകള്‍, ദൈനംദിന പരേഡുകള്‍ എന്നിവയും കാണികള്‍ക്കായി ഒരുക്കും.
സൈക്ലിങ് റേസുകള്‍, ഷൂട്ടിംഗ് സ്‌പോര്‍ട്‌സ്, ആയോധനകലകള്‍, സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍, ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍ എന്നിവയുള്‍പ്പെടെ നിരവധി കായിക പരിപാടികളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഏറെ നേരം നീണ്ടുനില്‍ക്കുന്ന വെടിക്കെട്ടിനൊപ്പം ഒമാന്‍ ഡിസൈന്‍ വീക്ക്, ഫാഷന്‍ വീക്ക്, എസ്എംഇ സ്റ്റാളുകള്‍ എന്നിവയും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
Content Highlights: Oman News: Muscat Nights 2026 begins from January 1