

ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ എഫ്‌സി. വിയ്യാറയലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബാഴ്‌സ വിജയക്കുതിപ്പ് തുടരുന്നത്. ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ ലാമിന്‍ യമാലും റാഫീഞ്ഞയും ഗോളുകളടിച്ചു.
വിയ്യാറയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 12-ാം മിനിറ്റില്‍ തന്നെ ബാഴ്‌സ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരം റാഫീഞ്ഞയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. പിന്നാലെ 39-ാം മിനിറ്റില്‍ റെനറ്റോ വീഗയ്ക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നതോടെ പത്ത് പേരുമായാണ് വിയ്യാറയല്‍ കളിച്ചത്.
ഈ ആനുകൂല്യം മുതലെടുക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. 63-ാം മിനിറ്റില്‍ ലാമിന്‍ യമാലും ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സ വിജയമുറപ്പിച്ചു. ലാ ലിഗയില്‍ പരാജയമറിയാത്ത ബാഴ്‌സയുടെ തുടര്‍ച്ചയായ എട്ടാമത്തെ മത്സരമാണിത്. 18 മത്സരങ്ങളില്‍ 15 വിജയവും 46 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ.
Content Highlights: La Liga 2025-26: Barcelona beats 10-man Villarreal to extend winning run to eight matches