സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയ്ക്കും ഒമാനുമിടയിൽ വലിയ വിപണി സാധ്യതകൾ തുറക്കും; പ്രതീക്ഷയോടെ ഒമാൻ

പുതിയ കരാര്‍ ആഴത്തിലുള്ള സാമ്പത്തിക സഹകരണത്തിന് ശക്തമായ അടിത്തറ പാകുമെന്നും വിലയിരുത്തൽ

സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയ്ക്കും ഒമാനുമിടയിൽ വലിയ വിപണി സാധ്യതകൾ തുറക്കും; പ്രതീക്ഷയോടെ ഒമാൻ
dot image

ഒമാനും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ വിപണി സാധ്യതകള്‍ തുറക്കുമെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഉഭയകക്ഷി ബന്ധത്തിലൂടെ 17 ട്രില്യന്റെ വിപണിയിലേക്കുള്ള പാതയാണ് ഇതിലൂടെ സാധ്യമാകുന്നത്. സെപ കരാര്‍ ഇന്ത്യയും ഒമാനും തമ്മിലുളള ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലാണെന്നും ഒമാന്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

വ്യാപാരത്തിലൂടെയുള്ള വിനിമയം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനും ചരക്കുസേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ഗുണനിലവാരമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും ഒമാനും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ കഴിയുമെന്നാണ് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന സാമ്പത്തിക ഇടപെടലുകളെ ഏകീകരിക്കാനും വ്യാപാര, നിക്ഷേപ പങ്കാളിത്തങ്ങള്‍ക്ക് വിശാലമായ മേഖലകള്‍ തുറക്കാനും ഇതിലൂടെ കഴിയും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഇന്ത്യയിലേക്കുള്ള ഉന്നതതല സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍ യാഥാര്‍ഥ്യമായതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ കരാര്‍ ആഴത്തിലുള്ള സാമ്പത്തിക സഹകരണത്തിന് ശക്തമായ അടിത്തറ പാകും.

ഒമാനില്‍ നിന്നുളള കറ്റുമതിയുടെ മത്സരശേഷി കൂട്ടുന്നതിനൊപ്പം ദേശീയ സമ്പദ്വ്യവസ്ഥയില്‍ അധിക മൂല്യം വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യതയും ഇതില്‍ പ്രധാനമാണ്. നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടുകള്‍, ഉത്ഭവ നിയമങ്ങള്‍, ആരോഗ്യസാങ്കേതിക നടപടികള്‍, വ്യാപാര സൗകര്യം, ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, സഹകരണം, തര്‍ക്ക പരിഹാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കരാര്‍ പ്രകാരം, ഒമാന്‍ 97.4 ശതമാനം ഉത്പ്പന്നങ്ങളിലും വ്യാപാര ഉദാരവത്ക്കരണം കരസ്ഥമാക്കി. ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം ഏകദേശം 77.8 ശതമാനത്തിലെത്തുകയും ചെയ്തു. തന്ത്രപരമായി പ്രധാനപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, കസ്റ്റംസ് തീരുവ, ഇറക്കുമതി, കയറ്റുമതി നടപടിക്രമങ്ങള്‍, ഉത്ഭവ നിയമങ്ങള്‍, വ്യാപാര പരിഹാരങ്ങള്‍, സാനിറ്ററി, സാങ്കേതിക നടപടികള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സാമ്പത്തിക, സാങ്കേതിക സഹകരണം, സേവന വ്യാപാരത്തിലെ സുതാര്യത എന്നിവ നിയന്ത്രിക്കുന്ന 16 പ്രധാന വ്യവസ്ഥകളും കരാറിന്റെ ഭാഗമാണ്.

ഒമാനിലെ ഏറ്റവും മികച്ച 10 നിക്ഷേപ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും 2025ന്റെ ആദ്യ പാദത്തില്‍ 286 ദശലക്ഷം റിയാലായിരുന്നു വിദേശ നിക്ഷേപമെന്നും മന്ത്രാലയം പറഞ്ഞു. പുതിയ കരാര്‍ ആഗോള വ്യാപാര സംവിധാനത്തില്‍ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും വൈവിധ്യമാര്‍ന്നതും മത്സരാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Looking to expand market access, India inks free trade pact with Oman

dot image
To advertise here,contact us
dot image