സാഹസമാകാം, പക്ഷെ നിയന്ത്രണം വേണമെന്ന് ഒമാന്‍: അഡ്വഞ്ചർ ടൂറിസത്തിന് കർശനമായ ചട്ടക്കൂട് വരുന്നു

വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും ഒമാന്റെ പ്രകൃതിഭംഗി സംരക്ഷിക്കുന്നതിനും നിയമങ്ങൾ ഒരുപോലെ പ്രാധാന്യം നൽകുന്നു.

സാഹസമാകാം, പക്ഷെ നിയന്ത്രണം വേണമെന്ന് ഒമാന്‍: അഡ്വഞ്ചർ ടൂറിസത്തിന് കർശനമായ ചട്ടക്കൂട് വരുന്നു
dot image

സാഹസിക ടൂറിസത്തിന് നിയന്ത്രണങ്ങളുമായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി എല്ലാ സാഹസിക ടൂറിസം കമ്പനികൾക്കും ഓപറേറ്റർമാർക്കും അതിൽ പങ്കെടുക്കുന്നവർക്കും നിശ്ചയിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാൻ സുൽത്താനേറ്റിൽ ടൂറിസം, പ്രത്യേകിച്ച് സാഹസിക ടൂറിസം വളർന്നുകൊണ്ടിരിക്കുകയും വിദേശികളെയും സ്വദേശികളെയും മേഖലയിലേക്ക് ഒരുപോലെ ആകർഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദേശം നൽകിയിരിക്കുന്നത്.

നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർ ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി നിയമനടപടികൾ നേരിടേണ്ടി വരും. കാന്യോണിംഗ്, റോക്ക് ക്ലൈംബിംഗ്, ഹൈക്കിംഗ് തുടങ്ങി എല്ലാ സാഹസിക വിനോദങ്ങളും സുരക്ഷിതമായും ഉത്തരവാദിത്തത്തോടും കൂടി നിർവ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും ഒമാന്റെ പ്രകൃതിഭംഗി സംരക്ഷിക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകുന്നു.

അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങൾ ഇവയാണ്. സാഹസിക വിനോദത്തിന് മുമ്പുള്ള രേഖാമൂലമുള്ള അനുമതി: സ്വകാര്യ ഭൂമിയിലോ സർക്കാർ ഭൂമിയിലോ ഏതെങ്കിലും തരത്തിലുള്ള സാഹസിക വിനോദങ്ങൾ നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഓപറേറ്റർമാർ മുൻകൂട്ടി രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം.

സാഹസിക വിനോദങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളുടെ പരിശോധനയും അംഗീകാരവും: സുരക്ഷയ്ക്കായി ഉപയോ​ഗിക്കുന്ന കയറുകൾ, സിപ്പ്-ലൈൻ ഫിക്സ്ചറുകൾ, ക്ലൈംബിംഗ് ഗിയറുകൾ തുടങ്ങിയ സാഹസിക ഉപകരണങ്ങൾ എന്നിവ ഓപറേറ്റർമാർ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളെക്കൊണ്ട് പരിശോധിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്യേണ്ടതുണ്ട്.

സാഹസിക വിനോദങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളിൽ കൃത്രിമം കാണിക്കരുത്: സാഹസിക വിനോദ കേന്ദ്രങ്ങളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ഉപകരണങ്ങളിൽ മാറ്റം വരുത്തുവാനോ, അവ നശിപ്പിക്കുവാനോ, അവയിൽ കൃത്രിമം കാണിക്കുവാനോ പാടില്ലെന്ന് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ഭാവിയിൽ അവിടെ എത്തുന്ന സന്ദർശകരുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Oman Urges Strict Adherence To Safety Guidelines, Imposing Restrictions On Adviser Tourism

dot image
To advertise here,contact us
dot image