

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രം നേടുന്നത്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ ആഗോള തലത്തിൽ സിനിമ 50 കോടിയിലേക്ക് കുതിക്കുകയാണ്.
കേരളത്തിൽ നിന്ന് ഇതുവരെ 15.5 കോടിയാണ് കളങ്കാവലിന്റെ കളക്ഷൻ. വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. ഓവർസീസിൽ നിന്ന് 24.8 കോടിയാണ് സിനിമയുടെ സമ്പാദ്യം. മൂന്ന് ദിവസം കൊണ്ട് 44.15 കോടിയാണ് കളങ്കാവല്‍ ആഗോള തലത്തിൽ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ മൂന്നാമത്തെ മികച്ച ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ ആണിത്. 44.6 കോടി നേടിയ ഭീഷ്മ പർവ്വം ആണ് ഒന്നാം സ്ഥാനത്ത്. വൈശാഖ് ഒരുക്കിയ ടർബോ ആണ് രണ്ടാം സ്ഥാനത്ത്. 44.55 കോടിയാണ് ടർബോയുടെ വീക്കെൻഡ് കളക്ഷൻ. ചിത്രം വൈകാതെ 50 കോടിയും കടന്നു 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടി അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
#KalamKaval 3 Days Opening Weekend -
— AB George (@AbGeorge_) December 8, 2025
Kerala ₹15.5cr
Rest Of India ₹3.85cr
Overseas
Middle East $2.265M
UK -$180K
North America $185K
Aus/NZ $56K
Rest $65K
Total $2.754M (₹24.8cr)
Total 3 Days Worldwide Gross Collection - ₹44.15 Crores 🔥
Mammookka's 3rd best opening…
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവലിനെ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ചിത്രത്തിന് വരുന്ന പ്രതികരണങ്ങള്‍.
Content Highlights: Kalamkaval collection report