

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവുനായയെ തല്ലിക്കൊന്നെന്ന കേസിൽ സ്ഥാനാർത്ഥിക്കെതിരെ കേസ്. നാട്ടിൽ ഭീതിപരത്തുകയും ഒട്ടേറെപേരെ കടിക്കുകയും ചെയ്ത തെരുവുനായയെ തല്ലിക്കൊന്നെന്ന മൃഗസ്‌നേഹികളുടെ പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ടൗൺ വാർഡിലെ മത്സരാർത്ഥിയാണ് സുരേഷ് ചന്ദ്രൻ.
നാട്ടിൽ അലഞ്ഞു നടക്കുകയായിരുന്ന നായ നിരവധി പേരെ കടിച്ചിരുന്നു. തുടർന്ന് സ്ഥാനാർത്ഥി ഉൾപ്പടെയുള്ള നാട്ടുകാരായ യുവാക്കൾ നായക്കായി തിരച്ചിലിൽ നടത്തി. ഒരു വീടിനു സമീപം കണ്ടെത്തിയ നായ തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ചെന്നും കടിയേൽക്കാതിരിക്കാൻ ചെറുത്തപ്പോൾ ചത്തുവെന്നുമാണ് സുരേഷ് ചന്ദ്രൻ ഉൾപ്പടെയുള്ളവർ പറയുന്നത്.
നായയെ പിടിക്കാൻ സർക്കാർ സംവിധാനമുൾപ്പടെ പലരോടായി ആവശ്യപ്പെട്ടിട്ടും സഹായിച്ചില്ലെന്നും സുരേഷ് ചന്ദ്രൻ പറഞ്ഞു. കേസ് രാഷ്ട്രീയ വിരോധത്താലാണെന്നും നായ ചത്തില്ലായിരുന്നെങ്കിൽ കൂടുതൽ പേരെ കടിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലർ മൃഗസ്‌നേഹികളുടെ സംഘടനയ്ക്ക് പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് തേടുകയും ചെയ്യുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
പരിശോധിക്കുകയും മൃഗത്തെ കൊന്നതിന് കേസ് എടുക്കുകയും ചെയ്തു. ബിഎൻഎസ് 325 വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം പോസ്റ്റുമോർട്ടത്തിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
Content Highlights : case against udf candidate at kollam