'പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്, ശക്തമായ നടപടി നേരിടും';മുന്നറിയിപ്പുമായി മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഇതിന് മുമ്പ് പല തവണ മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു

'പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്, ശക്തമായ നടപടി നേരിടും';മുന്നറിയിപ്പുമായി മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി
dot image

മസ്‌ക്കറ്റ്: പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റി. നഗരത്തിന്റെ ശുചിത്വത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ അശ്രദ്ധയോടെ മാലിന്യം നിക്ഷേപിക്കരുതെന്ന് മുന്‍സിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമ ലംഘകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് മുന്‍സിപ്പാലിറ്റിയുടെ തീരുമാനം.

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഇതിന് മുമ്പ് പല തവണ മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം പ്രവണതകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിന്റെ ശുചിത്വം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടു.

ജനങ്ങളുടെ പെരുമാറ്റത്തെ കൂടി ആശ്രയിച്ചാണ് നഗരത്തിന്റെ ശുചിത്വം നിലനില്‍ക്കുന്നതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ശുചിത്വമുള്ള പരിസ്ഥിതിയും ശുദ്ധ വായുവും നല്ല ആരോഗ്യവും നിലനിര്‍ത്താന്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ നിശ്ചിത ബിന്നുകളില്‍ മാത്രം ഇടുകയും അവ മൂടി അടച്ചിടുകയും വേണമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

വീടുകള്‍ക്ക് മുന്നിലോ പൊതുസ്ഥലങ്ങളിലോ മാലിന്യം നിക്ഷേപിക്കരുതെന്നും മുനിസിപ്പാലിറ്റി പ്രസതാവനയിലൂടെ ആവശ്യപ്പെട്ടു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളിലെ മാലിന്യനീക്കം കാര്യക്ഷമാക്കുന്നതിനായി ആധുനിക സംവിധാനങ്ങളാണ് മുന്‍സിപ്പാലിറ്റി ഉപയോഗിക്കുന്നത്. വിവിധ തരത്തിലുള്ള പൊതുശുചിത്വ പദ്ധതികള്‍ നടപ്പാക്കുള്ള നടപടികളും തുടര്‍ന്നു വരുന്നു.


Content Highlights: Muscat Municipality warns against those dumping waste in public places

dot image
To advertise here,contact us
dot image