
കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമ കേസില്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ നോട്ടീസ് റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തന്നെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ നോട്ടീസിലുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി വേടൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാർത്ഥിയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 21ന് സെൻട്രൽ പൊലീസ് കേസ് എടുത്തത്. പരാതി അടങ്ങിയ ഇ മെയിലിൽ മൊബൈൽ ഫോൺ നമ്പറോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. അതിനാൽ തുടക്കത്തിൽ പൊലീസിന് പരാതിക്കാരിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മേൽവിലാസവും ഫോൺ നമ്പറും ശേഖരിച്ച പൊലീസ് പരാതിക്കാരിയോട് മൊഴിയെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടയിലാണ് പൊലീസിന്റെ നോട്ടീസിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനാൽ പൊലീസ് അയച്ച നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യം. എന്നാൽ പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാൻ കഴിയില്ലെന്ന് നിലപാടിലാണ് സെൻട്രൽ പൊലീസ്. ഇക്കാര്യം പൊലീസ് ഹൈക്കോടതിയെ അറിയിക്കും. വേടനെ കഴിഞ്ഞമാസം ചോദ്യം ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴി ഇല്ലാത്ത സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടക്കാതെ വിട്ടയക്കുകയായിരുന്നു. കേസിൽ വേടന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
Content Highlight; Complainant approaches High Court for cancellation of notice in case against rapper Vedan