
കുവൈത്തിൽ തൊഴിൽ മേഖലയിൽ പ്രവാസികളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായതായി കണക്കുകൾ. ഇന്ത്യൻ ജനതയാണ് കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവും കൂടുതലുള്ളത്. ഏകദേശം അഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാരായ തൊഴിലാളികളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്.
സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ 2025-ലെ ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം കുവൈത്തിലെ പ്രാദേശിക തൊഴിൽ വിപണിയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. രണ്ട് ദശലക്ഷത്തിലധികം തൊഴിലാളികളാണ് ഇപ്പോൾ കുവൈത്തിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ 64,403 പേരുടെ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ തൊഴിൽ വിപണിയിൽ വളർച്ചയുണ്ടാകുമ്പോഴും കുവൈത്ത് പൗരന്മാരായ തൊഴിലാളികളുടെ എണ്ണത്തിൽ 7,334 പേരുടെ കുറവുണ്ടായി., അതായത് 1.6 ശതമാനത്തിന്റെ കുറവാണ് കുവൈത്ത് പൗരന്മാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ആകെ തൊഴിലാളികളുടെ എണ്ണത്തിൽ കുവൈത്ത് സ്വദേശികൾ 20.4 ശതമാനം മാത്രമാണ്.
കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2024 മാർച്ചിനും 2025 മാർച്ചിനുമിടയിൽ 70,000ത്തിലധികം വർദ്ധനവാണുണ്ടായത്. ഇന്ത്യൻ പൗരന്മാർ 5,72,300 തൊഴിലാളികളാണ്. കുവൈത്തിൽ ജോലി ചെയ്യ ഏറ്റവും വലിയ വിദേശി വിഭാഗമായി ഇന്ത്യൻ ജനത തുടരുന്നു. ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും നേപ്പാൾ സ്വദേശികളായ തൊഴിലാളികൾ മൂന്നാം സ്ഥാനത്തുമുണ്ട്.
Content Highlights: Rise in Kuwait workforce driven by expats