
ഒമാനിൽ താമസ വിസ പുതുക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ രേഖകൾ റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥീരികരിച്ച് മസ്കറ്റിലെ ഇന്ത്യൻ എംബസി. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതിനാൽ ആളുകൾ ആശയകുഴപ്പത്തിലായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകളാണ് ഒമാൻ പൊലീസ് ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനുമുമ്പ് ഓരോ പ്രവാസികളും അതത് രാജ്യങ്ങളുടെ എംബസികളുടെ സാക്ഷ്യപ്പെടുത്തലും സ്വന്തമാക്കിയിരിക്കണം.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇല്ലാതിരുന്നതിനാൽ, സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച ആളുകളുടെ വിവരങ്ങൾ മാത്രമായിരുന്നു ഒരാഴ്ചയോളം ലഭ്യമായിരുന്നത്. ഇത് ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കിയിരുന്നു. പിന്നാലെ ആളുകൾ അധികൃതർ ആവശ്യപ്പെട്ട രേഖകളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വിസ, പാസ്‌പോർട്ട് എന്നിവ സാക്ഷ്യപ്പെടുത്താനായി എസ്ജിവിഐഎസ് വഴി അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തേണ്ട രേഖകൾ, അപ്പോയിൻ്റ്മെൻ്റ് എടുത്ത ശേഷം എസ്ജിവിഐഎസ് സെന്ററുകളിൽ സമർപ്പിക്കാം. അപ്പോയിൻ്റ്മെൻ്റിനായി വരുമ്പോൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ കൊണ്ടുവരണമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Some clarity on expat family visa renewal in Oman