യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനം; 'ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായം', ഐ ഗ്രൂപ്പിന് അതൃപ്തി

സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും പിന്നിലുള്ള ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനം; 'ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായം', ഐ ഗ്രൂപ്പിന് അതൃപ്തി
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടന തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതായി പരാതി. ഏറ്റവും പിന്നിലുള്ള ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്.

വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിലും ഐ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പില്‍ 1,70,000 വോട്ടുകള്‍ അബിന്‍ വര്‍ക്കിക്ക് ലഭിച്ചിരുന്നു. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്.

കെപിസിസി, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ്. ഗ്രൂപ്പ് - സമുദായിക സമവാക്യം, നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍, എ ഗ്രൂപ്പ് നേതാവ് കെ സി വേണുഗോപാലുമായുള്ള അടുപ്പം എന്നിവ ഒ ജെ ജനീഷിന് അനുകൂല ഘടകങ്ങളുമായിരുന്നു. അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തലയും കെ എം അഭിജിത്തിനായി എം കെ രാഘവന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും സജീവമായി രംഗത്തുണ്ടായിരുന്നു.

ജനീഷിന് പുറമെ ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനെയുമാണ് ദേശീയ സെക്രട്ടറിമാരായി ഉയര്‍ത്തിയത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: Youth Congress oj janeesh Appointment I Group is dissatisfied

dot image
To advertise here,contact us
dot image