'സ്ഫോടക വസ്തു എറിഞ്ഞു, അപായപ്പെടുത്താൻ ശ്രമം'; പേരാമ്പ്ര സംഘർഷത്തിൽ UDF പ്രവർത്തകർക്കെതിരെ കേസ്

സ്‌ഫോടക വസ്തു എറിഞ്ഞത് യുഡിഎഫ് ജനവിരുദ്ധകൂട്ടത്തിൽനിന്നാണെന്ന് എഫ്ഐആർ

'സ്ഫോടക വസ്തു എറിഞ്ഞു, അപായപ്പെടുത്താൻ ശ്രമം'; പേരാമ്പ്ര സംഘർഷത്തിൽ UDF പ്രവർത്തകർക്കെതിരെ കേസ്
dot image

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് പൊലീസുകാരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസപ്പെടുത്താനും ശ്രമിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സ്‌ഫോടക വസ്തു എറിഞ്ഞത് 'യുഡിഎഫ് ജനവിരുദ്ധകൂട്ട'ത്തിൽനിന്നാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.


സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസിന്റെ നടപടി. പൊലീസ് തടഞ്ഞുവെച്ച 700ഓളം ആളുകൾ ഉൾപ്പെടുന്ന യുഡിഎഫിന്റെ ന്യായവിരുദ്ധ ജനക്കൂട്ടത്തിനിടയിൽനിന്നും ഏതോ ഒരാൾ ഔദ്യോഗിക കൃത്യനിർവഹണം ചെയ്ത് വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ജീവന് അപായം വരുത്തണമെന്നും കൃത്യനിർവഹണം തടസപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ സ്‌ഫോടക വസ്തു എറിഞ്ഞു എന്നാണ് എഫ്‌ഐആറിൽ പരാമർശിക്കുന്നത്.

പേരാമ്പ്ര സികെജി ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങൾക്കിടെയായിരുന്നു സംഭവം. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസ് ലാത്തിചാർജിൽ മൂക്കിന് പരിക്കേറ്റ ഷാഫി പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

സംഘർഷത്തിൽ ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. സംഘർഷത്തിൽ സിപിഐഎം നേതാക്കളായ കെ സുനിൽ, കെ കെ രാജൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.

Content Highlights: Police register case against UDF activists in Perambra clash

dot image
To advertise here,contact us
dot image