
സാധാരണ ഒരു ദിവസം കടന്നു പോകുമ്പോൾ നമ്മൾ എന്തെല്ലാം സാധനങ്ങളിൽ സ്പർശിക്കുന്നുണ്ടാവും അല്ലേ? ഒരാവശ്യവും ഇല്ലാതെ നമ്മൾ വെറുതെ സ്പർശിക്കുന്ന ചില വസ്തുക്കൾ പോലും അണുബാധ ഉണ്ടാക്കാൻ ശേഷിയുള്ളവയായിരിക്കും. എപ്പോഴായാലും കൈകൾ കഴുകുന്ന ശീലം ഒഴിവാക്കാതിരിക്കുക. അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സാധനങ്ങളിൽ നിന്നാകും നമ്മൾ അസുഖബാധിതരാവുക.
നമ്മുടെ നിത്യജീവിതത്തിൽ കറൻസി സ്പർശിക്കാതെ ഇരിക്കുന്നവർ അപൂർവ്വമാകും. അത് നോട്ടുകളായാലും നാണയമായാലും നമ്മുടെ കൈയിൽ എത്താതിരിക്കാനുള്ള അവസരം വളരെ കുറവായിരിക്കും. മനുഷ്യ ചർമത്തിൽ നിന്നുള്ള ബാക്ടീരിയ, ഉമിനീരിൽ നിന്നുള്ള ബാക്ടീരിയ, ചില മൃഗങ്ങളിൽ നിന്നുള്ള ബാക്ടീരിയ എന്നിവ നാണയങ്ങളിൽ നിന്നും നോട്ടുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രോഗം പരത്തുന്ന ഇ കോളി, സാൽമോണല്ല എന്നിവയും ഇതിൽ ഉൾപ്പെടും. പണം ഉപയോഗിച്ച് കഴിഞ്ഞാൽ കൈകൾ കഴുകിയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മെട്രോ, മാളുകൾ, ഓഫീസുകൾ എന്നിവടങ്ങിൽ സ്ഥിരമായി എല്ലാവരും ഉപയോഗിക്കുന്ന ടച്ച് പോയിന്റ്‌സ് ഉണ്ടാവും. ഇവിടങ്ങളില്‍ ഡോറുകളിലെ പിടി, എസ്‌കലേറ്ററിൽ കൈകൾ വയ്ക്കുന്നിടം, ലിഫ്റ്റ് ബട്ടനുകൾ ഇവയിലെല്ലാം പല തരം അണുക്കളും ബാക്ടീരിയകളും ഉണ്ടാകും. ഇത്തരം പ്രതലങ്ങളിൽ സ്പർശിച്ചു കഴിഞ്ഞാൽ കൈകൾ സാനിറ്റൈസ് ചെയ്യുക. ഈ പറഞ്ഞയിടങ്ങളിലെല്ലാം ഒരു ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അണുക്കളുണ്ടത്രേ.
റെസ്റ്റോറന്റുകളിലെ മെനു കാർഡുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഒരു സിംഗിൾ മെനുവിൽ 1.8ലക്ഷം ടൈപ്പ് ബാക്ടീരിയകൾ ഉണ്ടാവുമെന്നാണ് ഗവേഷകർ പറയുന്നത്. എല്ലാ ഉപഭോക്താക്കളുടെയും കൈകളിലൂടെ കടന്നുപോകുന്നതിനാൽ ഇത് ഉപയോഗിച്ച ശേഷം കൈകൾ വൃത്തിയാക്കാൻ മറക്കരുത്. ക്ലിനിക്കുകളിലെയും ആശുപത്രികളിലെയും സാധനങ്ങളും അപകടകാരികളാണ്. അവിടെ ഉപയോഗിക്കുന്ന പേന മുതൽ നമ്മൾ സ്പർശിക്കുന്ന ഓരോ പ്രതലവും അണുബാധ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രി സന്ദർശിക്കുന്നവർ ശുചിത്വം പാലിക്കണം.
എന്നും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ, ടാബ്‌ലറ്റുകൾ, പബ്ലിക്ക് ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ എന്നിവയെല്ലാം അഴുക്കുകൾ നിറഞ്ഞിടമാണ്. ടൊയ്‌ലെറ്റ് സീറ്റിനെക്കാൾ ബാക്ടീരിയ നമ്മുടെ മൊബൈൽ ഫോണിലുണ്ട്. അടുക്കളയില്‍ പാത്രങ്ങള്‍ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്, കട്ടിങ് ബോർഡുകൾ എന്നിവ ഉപയോഗിച്ച് കഴിഞ്ഞാൽ കൈകൾ വൃത്തിയാക്കാൻ മടിക്കരുത്.
മറ്റുള്ളവരിൽ നിന്നും പേനകൾ കടം വാങ്ങുന്നതും അപകടമാണ്. സ്വന്തമായി പേന ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം. പേനകളിൽ നിന്നും കൈകളിലേക്കും മുഖത്തേക്കുമെല്ലാം രോഗാണുക്കൾ പകരാൻ സാധ്യതയുണ്ടത്രേ. റെസ്റ്റോറന്റുകളിലും മറ്റും കാണാറുള്ള സോപ്പ് ഡിസ്‌പെൻസറുകളുടെ പ്രതലവും പ്രശ്‌നമാണ്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഇവയിലും അണുക്കളുണ്ടാകും. ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.. ഇനിയും പലതരം സാധനങ്ങൾ ഇത്തരത്തിൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നുണ്ട്. അവയിൽ പലതും ഒരു ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അണുക്കൾ നിറഞ്ഞവയുമാണ്.
Content Highlights: Things in our daily life which is dirtier than toilet seats