
ഒമാനില്‍ രണ്ട് കുടിവെള്ള ബ്രാന്റുകള്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന ബാക്ടീരിയ ഉള്ളതായി കണ്ടെത്തല്‍. ഇത്തരം ബ്രാന്റുകള്‍ ഉപയോഗിക്കരുതെന്നും കുപ്പിവെള്ളം വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യ ഗുണ നിലവാര കേന്ദ്രം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ റിവേഴ്സ്, മൗണ്ടന്‍ ഡ്രോപ്പ്‌സ് എന്നീ രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ഉല്‍പ്പന്നങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സെവന്‍ റിവേഴ്സ് കമ്പനി ഈ വര്‍ഷം മെയ് 21ന് നിര്‍മിച്ചതും അടുത്ത വര്‍ഷം മെയ് 21 ന് കാലാവധി അവസാനിക്കുന്നതുമായി 500 മില്ലി ഗ്രാം കുപ്പികളിലാണ് അപകടകരമായ ബാക്ടീരിയയുടെ സാനിധ്യം സ്ഥിരീകരിച്ചത്. മൗണ്ടന്‍ ഡ്രോപ്പ്‌സ് പുറത്തിറക്കിയ കുപ്പി വെള്ളത്തിലും സമാനമായ രീതിയില്‍ ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തി.
രണ്ട് വ്യത്യസ്ത ബാച്ചുകളിലായി പുറത്തിറക്കിയ 250 മില്ലീ ലിറ്റര്‍ കുപ്പികളിലാണ് മലിനീകരണം സ്ഥിരീകരിച്ചത്. 2025 ജൂലൈ 7 ന് നിര്‍മിച്ച് 2026 ജൂലൈ 6ന് കാലാവധി അവസാനിക്കുന്നതാണ് ഇതില്‍ ആദ്യത്തേത്. 2025 ജൂണ്‍ 13 ന് നിര്‍മിച്ച് 2026 ജൂണ്‍ 12ന് കാലാവധി അവസാനിക്കുന്ന കുപ്പിവെള്ളത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യ ഗുണ നിലവാര കേന്ദ്രം അറിയിച്ചു.
Content Highlights: Bottled water distributed by two drinking water brands in Oman found to contain harmful bacteria