
കുവൈത്തില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടത്തുന്ന ഇന്ത്യക്കാരുള്‍പ്പെട്ട സംഘം അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യാഗസ്ഥർ ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള അന്വേഷണവും ശക്തമാക്കി.
ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരമാണ് രാജ്യത്ത് നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടത്തിയിരുന്ന സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ചായിരുന്നു ഓപ്പറേഷന്‍. 'ഇരുമ്പ്' എന്ന് രേഖപ്പെടുത്തിയ 10 കണ്ടെയ്‌നറുകള്‍ കയറ്റുമതിക്കായി തയ്യാറാക്കിയിരുന്നതായുള്ള വിവരമാണ് ഉദ്യോഗസഥര്‍ക്ക് ആദ്യം ലഭിച്ചത്. ഇതിന് പിന്നാലെ അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി.
സാഗ്രോസ് ജനറല്‍ ട്രേഡിംഗ്, ആര്‍ട്ട് ടവര്‍ കമ്പനി എന്നിവയുടെ പേരിലാണ് കയറ്റുമതി രേഖകള്‍ തയ്യാറാക്കിയത്. കസ്റ്റംസ് രേഖകളില്‍ കൃത്രിമം കാണിച്ചായിരുന്നു കയറ്റുമതിക്കുളള ശ്രമം. കബദ് ഏരിയയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെയ്‌നറുകള്‍ തയ്യാറാക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന ഗോഡൗണുകളും കണ്ടെത്തി. വിദേശത്തേക്ക് കടത്തുന്നതിനായി തയ്യാറാക്കി വച്ചിരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളും ഫ്‌ലെക്‌സിബിള്‍ കണ്ടെയ്‌നറുകളും ടാങ്കുകളും പൊലീസ് പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്തു.
കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായ ഖാലിദ് മുത്‌ലഖ് അല്‍-മുതൈരി, ആഭ്യന്തര മന്ത്രാലയത്തിലെ സര്‍ജന്റായ മുത്‌ലഖ് ഫലാഹ് അല്‍-മുതൈരി എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇന്ത്യക്കാരനായ സിക്കന്ദ്ര ജോണ്‍, ഈജിപ്ഷന്‍ പൗരനായ അഹമ്മദ് അലി മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ കബദ് ഏരിയയില്‍ നിന്ന് ശേഖരിച്ചത്. എല്ലാ പ്രതികള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Gang Arrested for Smuggling Petroleum Products in Kuwait