മന്ത്രിയെന്ന പേരിൽ വീഡിയോ പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കുമെന്നതിനാലാണ് ഒഴിവാക്കൽ: ഒ ജെ ജനീഷ്

അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോര്‍ച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും ഒ ജെ ജനീഷ് വിമര്‍ശിച്ചു

മന്ത്രിയെന്ന പേരിൽ വീഡിയോ പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കുമെന്നതിനാലാണ് ഒഴിവാക്കൽ: ഒ ജെ ജനീഷ്
dot image

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നീക്കിയത് ചര്‍ച്ചയായതോടെ വിശദീകരണവുമായി മന്ത്രി ഒ ജെ ജനീഷ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചത് എന്നും എന്നാല്‍ മന്ത്രിയെന്ന പേരില്‍ പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കുമെന്നതിനാല്‍ ഒഴിവാക്കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഒ ജെ ജനീഷ് വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമല്ല പോസ്റ്റ് പിന്‍വലിച്ചതെന്നും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'എന്റെ സോഷ്യല്‍ മീഡിയ ടീം അഡ്മിന്‍ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരില്‍ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാല്‍ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാന്‍ എന്റെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു. പോസ്റ്റ് പിന്‍വലിച്ചത് ഞാന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല', ഒ ജെ ജനീഷ് കുറിച്ചു. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോര്‍ച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും ഒ ജെ ജനീഷ് വിമര്‍ശിച്ചു. പോസ്റ്റ് പിന്‍വലിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന സിപിഐഎം, ഡിവൈഎഫ്‌ഐക്കാര്‍ കേരളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തില്‍ ആയിരുന്നു എന്നത് പരിഹാസ്യമാണെന്നും മന്ത്രി കുറിച്ചു.

കൊല്ലത്തായിരുന്നു അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Content Highlights: Minister O J Janeesh has clarified the removal of a Youth Congress black flag protest video against Union Home Minister Amit Shah from social media pages.

dot image
To advertise here,contact us
dot image