

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസിന്റെ കൊച്ചിയിലെ ഓഫീസില്‍ പ്രതിഷേധം. തട്ടിപ്പിനിരയായ നൂറുകണക്കിന് പേര്‍ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആംസ്റ്ററിന്റെ കൊച്ചിയിലെ ഓഫീസിലെത്തി. അതിനിടെ കമ്പനി സിഇഒ പാര്‍വതി മായയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
വിദേശത്ത് ജോലി സ്വപ്നം കണ്ട് ലക്ഷങ്ങള്‍ നഷ്ടമായവര്‍ മുതല്‍ കടം വാങ്ങിയും വീട് വിറ്റും പണം നല്‍കിയവര്‍ വരെ പ്രതിഷേധവുമായി കൊച്ചി ഓഫീസിലെത്തിയിരുന്നു. പണം നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ മണിക്കൂറുകള്‍ പ്രതിഷേധിച്ചിട്ടും പൊലീസ് ആദ്യം തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം വിദേശത്തുള്ള പാര്‍വതി മായയുടെ ഭര്‍ത്താവ് അടക്കമുള്ള കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി, ഡിആര്‍ഐ എന്നീ ഏജന്‍സികള്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കി. വിദേശ പണമിടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് ആളുകളുടെ പണം തട്ടിയെന്നാണ് പാര്‍വതി മായക്കെതിരായ പരാതി. കോട്ടയത്ത് രജിസ്റ്റേര്‍ഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഒമാന്‍, ദുബായ്, അബുദബി, ബഹ്റൈന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ശാഖകളുമുള്ള ഏജന്‍സിയാണ് ആംസ്റ്റര്‍. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകളടക്കം സേവനങ്ങളാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Hundreds of alleged victims protested outside Amster Overseas’ Kochi office, demanding refunds over claims of overseas job fraud, even as CEO Parvathy Maya was granted bail by the court