

കുവൈറ്റിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി രാജുവിനെ ഒടുവിൽ നാട്ടിലെത്തിച്ചു. സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ലാത്ത കുടുംബത്തിന്, പ്രത്യേക മെഡിക്കൽ സൗകര്യങ്ങളോടെയുള്ള വിമാനയാത്ര വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. എന്നാൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവാസി സമൂഹം കൈകോർത്തപ്പോൾ രാജുവിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമാകുകയായിരുന്നു.
കുവൈറ്റിലെ അബ്ബാസിയയിൽ സ്വർണ്ണപ്പണിക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് രാജുവിനെ കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് തലച്ചോറിലെ രക്തസ്രാവം ബാധിക്കുന്നത്. മാസങ്ങളായി ചലനശേഷി നഷ്ടപ്പെട്ട നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജുവിനെ നാട്ടിലെത്തിക്കാൻ സ്ട്രെച്ചറും മെഡിക്കൽ എസ്‌കോർട്ടും ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ ആവശ്യമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇതിനാവശ്യമായ വലിയ തുക കണ്ടെത്തുക അസാധ്യമായിരുന്നു.
ഈ ഘട്ടത്തിലാണ് സഹായഹസ്തവുമായി പ്രവാസി സമൂഹം ഒന്നിച്ചത്. രാജു ജോലി ചെയ്തിരുന്ന ബോസ്കോ ജ്വല്ലറിയുടെ ഉടമകൾ, കെഎംസിസി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകയായ മിൻസി, സാമൂഹിക പ്രവർത്തകൻ സുനീഷ്, നഴ്സുമാരുടെ കൂട്ടായ്മയായ ഇൻഫോക്, രാജു താമസിച്ചിരുന്ന കെട്ടിടത്തിലെ നിവാസികൾ, അയൽവാസിയായ റായിൻകുട്ടി ഹാജി തുടങ്ങി നിരവധി പേർ സഹായവുമായി മുന്നോട്ടുവന്നു. ആശുപത്രിയിലെ ചികിത്സയ്ക്കും പരിചരണത്തിനും പുറമെ, ഒരു കുടുംബാംഗത്തെപ്പോലെ രാജുവിന്റെ ദൈനംദിന കാര്യങ്ങളിൽ ഒപ്പം നിന്ന മിൻസിയുടെ സേവനം ഏറെ ശ്രദ്ധേയമായി.
യാത്രാ ക്രമീകരണങ്ങളിൽ കുവൈറ്റ് എയർവേയ്‌സ് ജീവനക്കാരനായ ബാദുഷയുടെ ഇടപെടൽ ഏറെ സഹായകരമായി. വിമാനയാത്രയിലുടനീളം രാജുവിന് മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ കോഴിക്കോട് സ്വദേശിയും ഫർവാനിയ ആശുപത്രിയിലെ നഴ്സുമായ കെഎംസിസി പ്രവർത്തകൻ ഫർഷാദ് സന്നദ്ധനായി ഒപ്പം യാത്ര ചെയ്യുകയും ചെയ്തു. സംഘടനകളും വിശ്വാസങ്ങളും രാഷ്ട്രീയവും മറന്ന് മനുഷ്യത്വത്തിനായി ഒരുമിച്ച ഈ കൂട്ടായ്മ, പ്രവാസലോകത്തിന്റെ ഏറ്റവും വലിയ കരുത്തായ മനുഷ്യസ്നേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
Content Highlights: Malayali expatriates in Kuwait came together to support a Kottakkal native who was in critical condition and help bring him back to Kerala. The collective effort highlights the strong sense of solidarity within the expatriate community.