

കോഴിക്കോട്: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസിലേക്കും മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലേക്കും അന്വേഷണം എത്തിയതില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസില്‍ ഇ ഡി ചെയ്യുന്നത് പുകമറ സൃഷ്ടിക്കല്‍ ആണെന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം.
ഇ ഡിയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ അത് മനസിലാകുമെന്ന് പറഞ്ഞ അദ്ദേഹം കള്ളപ്പണം പിടിക്കുന്നതിനായി പിഎംഎല്‍എ ആക്ട് നിയമം കൊണ്ടു വന്നത് പി ചിദംബരം ആണെന്നും എന്നാല്‍ ഇതേ നിയമം ഉപയോഗിച്ച് ചിദംബരത്തെ തന്നെ അറസ്റ്റ് ചെയ്‌തെന്നും ഓര്‍മപ്പെടുത്തി. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് പോലെയായിരുന്നു അതെന്നും ബിജെപിയുടെ കൈയ്യില്‍ നിയമം കിട്ടിയപ്പോള്‍ രാഷ്ട്രീയ ദുരുപയോഗം ചെയ്‌തെന്ന് ചിദംബരം തന്നെ പറഞ്ഞെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഈ നിയമം ഉപയോഗിച്ച് വേട്ടയാടുകയാണെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി 113 ദിവസം ജയിലില്‍ കിടത്തി. കെജ്‌രിവാളിനെതിരെ എടുത്ത കേസ് എവിടെ എന്ന് ചോദിച്ച അദ്ദേഹം യാതൊരു തെളിവുമില്ലാതെ കേസ് അവസാനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി. ഇ ഡി ബിജെപിക്കാര്‍ക്കെതിരെ കേസ് എടുക്കുന്നില്ല. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ കേസ് ഇല്ല. നാലര കോടി കള്ളപ്പണം എന്നതായിരുന്നു വെളിപ്പെടുത്തല്‍. ചാക്കില്‍ കെട്ടി കോടികള്‍ കൊണ്ടുവന്നുവെന്ന് ഓഫീസ് സെക്രട്ടറി പറഞ്ഞിട്ടും കേസില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാന്‍ പോലും തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നര കോടിയുടെ കൊടകര കേസ് അന്വേഷിച്ചില്ലെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം 95 ശതമാനം കേസും ഇ ഡി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ് എടുത്തതെന്നും വിമര്‍ശിച്ചു. 5,900 കേസുകള്‍ എടുത്തു, 7,450 റെയ്ഡുകള്‍ നടന്നു എന്നാല്‍ 9% കുറ്റപത്രം മാത്രമാണ് നല്‍കിയതെന്നും, അതില്‍ ശിക്ഷിച്ചത് 25 കേസുകളില്‍ മാത്രമാണെന്നും കണക്കുകള്‍ നിരത്തിയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. രാഷ്ട്രീയ എതിരാളികള്‍ കാല് മാറിയാല്‍ കേസില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കീഴടങ്ങാന്‍ തയ്യാറാകാത്തതിനാലാണ് കേസ് എടുത്തത്. വഴങ്ങിയാല്‍ കേസ് അപ്പോള്‍ തീരും എന്നും അദ്ദേഹം പറഞ്ഞു.
എക്‌സാലോജിക് കേസ് നിയമപരമായി നടക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ ഡി മുന്നോട്ട് പോകുന്നത്. കേസിന് പിന്നില്‍ പിണറായിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇ ഡിയുടേത് വിചിത്രമായ നിലപാട് ആണെന്നും അദ്ദേഹം ആരോപിച്ചു. പത്രകുറിപ്പ് ഇറക്കിയത് വിചിത്രമായ നടപടിയാണ്. വിണ്ടും വിശദീകരണം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇഡിക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മെയ് മാസത്തെ റെയ്ഡില്‍ ഒന്നും കിട്ടിയില്ല എന്ന് ഇ ഡി നേരത്തേ പറഞ്ഞിരുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി എന്നും അദ്ദേഹം ആരോപിച്ചു.
ഹവാല ആരോപണം ഇഡി ഉണ്ടാക്കിയതാണ്. വീണയുടെ കേസില്‍ പാര്‍ട്ടി ഇടപെടുന്നില്ല. എന്നാല്‍ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പ്രതിരോധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേസ് എടുക്കാന്‍ ഒന്നുമില്ല. ലാവ്ലിന്‍ പോലെ തന്നെ കേസില്ല ഒരു തെളിവും ഇല്ല എന്ന നിലയാണ് ഇവിടെയും. സിപിഐമ്മിനെ നാണം കെടുത്താനാണ് നീക്കമെങ്കില്‍ ഇഡി അതിന് മെനക്കേടേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന വിമര്‍ശനവും അദ്ദേഹം നടത്തി.
കരുവന്നൂര്‍ കേസും വിചിത്രമാണെന്ന് പറഞ്ഞ അദ്ദേഹം ഒന്നും രണ്ട് പ്രതികളെ മാപ്പ് സാക്ഷിയാക്കി എന്നും ചൂണ്ടിക്കാട്ടി. സിപിഐഎം നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. എസി മൊയ്തീനെയും, കെ രാധാകൃഷ്ണനെയും, എം എം വര്‍ഗീസിനെയും പ്രതിയാക്കി എന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തൃശ്ശൂരില്‍ ഇത്തവണയും മികച്ച വിജയം നേടി എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. റിയാസിനെയും നിഖിലിനെയും കേസില്‍ ഉള്‍പ്പെടുത്തിയാലും സിപിഐഎം കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: CPI(M) state secretary MV Govindan has sharply criticised the Enforcement Directorate’s investigation in the CMRL-Exalogic case, alleging that the probe is aimed at creating a smokescreen. He also accused the agency of using the PMLA against opposition political leaders and cited the case of former Union Minister P Chidambaram in his criticism.