വിസിറ്റിങ് വിസ, അവധി അപേക്ഷ ആനുകൂല്യങ്ങള്‍ അവസാനിക്കും; സെപ്തംബര്‍ മുതല്‍ കുവൈറ്റിൽ പുതിയ മാറ്റങ്ങൾ

സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്കുള്ള സന്ദര്‍ശന വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടി നൽകൽ അവസാനിപ്പിക്കുകയും ഫെബ്രുവരി 28 ന് മുമ്പ് നിലവിലുണ്ടായിരുന്ന സാധാരണ നടപടിക്രമങ്ങളിലേക്ക് എത്തുകയും ചെയ്യും.

വിസിറ്റിങ് വിസ, അവധി അപേക്ഷ ആനുകൂല്യങ്ങള്‍ അവസാനിക്കും; സെപ്തംബര്‍ മുതല്‍ കുവൈറ്റിൽ പുതിയ മാറ്റങ്ങൾ
dot image

വിസിറ്റിങ് വിസകള്‍, അവധി അപേക്ഷകള്‍ എന്നിവയ്ക്ക് അനുവദിച്ചിരിക്കുന്ന താല്‍ക്കാലിക ആനുകൂല്യങ്ങള്‍ സെപ്തംബര്‍ ഒന്നുമുതല്‍ അവസാനിപ്പിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയുടെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് അവസാനിക്കുന്നതോടെ സംഘര്‍ഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടി ക്രമങ്ങളും പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി അവസാനം മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങുകയും വ്യോമാതിര്‍ത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിസിറ്റിങ് വിസകളുടെ കാലാവധി നീട്ടി നല്‍കിയിരുന്നത്. ഒപ്പം വിദേശത്ത് ആറ് മാസത്തില്‍ കൂടുതല്‍ നില്‍ക്കാന്‍ പ്രവാസികള്‍ക്ക് അനുമതി നല്‍കുന്ന പ്രത്യേക പെര്‍മിറ്റിന്റെ കാലാവധിയും നീട്ടി നല്‍കിയിരുന്നു.

സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്കുള്ള സന്ദര്‍ശന വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടി നൽകൽ അവസാനിപ്പിക്കുകയും ഫെബ്രുവരി 28 ന് മുമ്പ് നിലവിലുണ്ടായിരുന്ന സാധാരണ നടപടിക്രമങ്ങളിലേക്ക് എത്തുകയും ചെയ്യും. വിദേശത്തേക്ക് നിശ്ചിത കാലാവധിയില്‍ കൂടുതല്‍ താമസിക്കുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക പെര്‍മിറ്റുകളുടെ കാലാവധിയും സെപ്തംബര്‍ ഒന്ന് മുതല്‍ ലഭിക്കുകയില്ല. എന്നാല്‍ ഓഗസ്റ്റ് 31 വരെ കുവൈറ്റിന് പുറത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കും. അവധി അപേക്ഷകളുടെ അന്തിമ കാലാവധി നിര്‍ണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനും ഏകീകൃത ഗവണ്‍മെന്റ് ആപ്പായ സഹല്‍ നല്‍കുന്ന റസിഡന്‍സ് പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുക.

Content Highlight: Kuwait will end temporary visit visa extensions and special absence permit benefits from September 1, restoring standard immigration procedures for visitors and residents.

dot image
To advertise here,contact us
dot image