ഡെലിവറി മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതൽ പ്രധാന്യം വേണമെന്ന് ആവശ്യം; പ്രമേയം അവതരിപ്പിച്ച് ബഹ്റൈൻ

ഇന്ധന ഉപയോഗം കുറയ്ക്കുകയും ജനവാസ മേഖലകളിലെ ശബ്ദമലിനീകരണം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും പ്രമേയം ചൂണ്ടികാട്ടുന്നു

ഡെലിവറി മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതൽ പ്രധാന്യം വേണമെന്ന് ആവശ്യം; പ്രമേയം അവതരിപ്പിച്ച് ബഹ്റൈൻ
dot image

ബഹ്‌റൈനില്‍ ഡെലിവറി മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ട്രാന്‍സ്‌പോര്‍ട്ട് നിയമം നടപ്പിലാക്കണമെന്ന് ആവശ്യം. അന്തരീക്ഷ മലിനീകരണവും വര്‍ദ്ധിച്ചുവകരുന്ന ഗാതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി ഡെലിവറി കമ്പനികള്‍ ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു.

ബഹ്‌റൈനിലെ ഡെലിവറി കമ്പനികള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് കാറുകളിലേക്കും ബൈക്കുകളിലേക്കും മാറണമെന്ന ആവശ്യവുമാണ് എം.പി അഹമ്മദ് അല്‍ സല്ലും പാര്‍ലെമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ചെറിയ ഓര്‍ഡറുകള്‍ക്കുപോലും ഡെലിവറി വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, റോഡുകളിലെ തിരക്ക് എന്നിവ കൂടുന്നതായി പ്രമേയത്തില്‍ പറയുന്നു.

ഇന്ധന ഉപയോഗം കുറയ്ക്കുകയും ജനവാസ മേഖലകളിലെ ശബ്ദമലിനീകരണം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും പ്രമേയം ചൂണ്ടികാട്ടുന്നു. പൊതുഗതാഗത മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഡെലിവറി മേഖലയ്ക്കായി പുതിയ നിയമങ്ങള്‍ തയ്യാറാക്കുകയാണെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ക്യാബിനറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാനിരിക്കുന്ന പുതിയ നിയമപ്രകാരം ഡെലിവറി കമ്പനികള്‍ ലൈസന്‍സുള്ള ഇലക്ട്രിക് വാഹന സേവനദാതാക്കളുമായി സഹകരിക്കേണ്ടതായി വരും.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാധാരണ മോട്ടോര്‍ബൈക്കുകളേക്കാള്‍ ഇലക്ട്രിക് ബൈക്കുകളുടെ പെര്‍മിറ്റ് ഫീസില്‍ ഇളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ സാധങ്ങള്‍ വാങ്ങുന്നതിനുപോലും ആളുകള്‍ ഇപ്പോള്‍ ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നതായി പ്രമേയത്തിലൂടെ അഹമ്മദ് അല്‍ സല്ലും ചൂണ്ടിക്കാട്ടി. ഇത് പരിസ്ഥിതിയിലും റോഡുകളിലും കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്ന കമ്പനികളില്‍ നിന്നുതന്നെ ഈ മാറ്റം നിര്‍ബന്ധമാക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം കമ്പനികള്‍ക്ക് ചെലവ് കുറയ്ക്കാനും ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.

Content Highlights: Bahrain has called for greater importance to be given to electric vehicles in the delivery sector. The proposal focuses on reducing carbon emissions, encouraging sustainable transportation, and expanding eco-friendly delivery systems across the region.

dot image
To advertise here,contact us
dot image