

കുവൈറ്റില്‍ കര അതിര്‍ത്തികള്‍ വഴി എത്തുന്ന ചരക്കുകള്‍ക്ക് മുന്‍കൂട്ടി കസ്റ്റംസ് ക്ലിയറന്‍സ് നേടാന്‍ ''പ്രീ-ക്ലിയറന്‍സ്'' സംവിധാനം ആരംഭിച്ചു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കര അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളിലെ ചരക്ക് ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് പുതിയ പ്രീ-ക്ലിയറന്‍സ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.
പുതിയ സംവിധാനപ്രകാരം ഇറക്കുമതിക്കാര്‍ക്കും അവരുടെ അംഗീകൃത പ്രതിനിധികള്‍ക്കും ചരക്കുകള്‍ അതിര്‍ത്തിയിലെത്തുന്നതിന് മുമ്പുതന്നെ ഓണ്‍ലൈന്‍ കസ്റ്റംസ് സംവിധാനത്തിലൂടെ ക്ലിയറന്‍സ് നടപടികള്‍ ആരംഭിക്കാനാകും. ഇതിനായി ആവശ്യമായ രേഖകളും വിവരങ്ങളും മുന്‍കൂട്ടി സമര്‍പ്പിക്കണം. ഇതോടെ ചരക്കുകള്‍ രാജ്യത്ത് എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അതിവേഗം വിട്ടുനല്‍കാന്‍ സാധിക്കും.
വാണിജ്യ ചരക്ക് ഗതാഗതം സുഗമമാക്കുക, രേഖാപരമായ നടപടികള്‍ കുറയ്ക്കുക, ചരക്കുകളുടെ റിലീസ് സമയം ചുരുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക കസ്റ്റംസ് രീതികള്‍ പിന്തുടരാനും കുവൈറ്റിലെ വ്യാപാര സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രീ-ക്ലിയറന്‍സിന് അപേക്ഷ സമര്‍പ്പിച്ച ശേഷം 30 ദിവസത്തിനുള്ളില്‍ ചരക്കുകള്‍ എത്താത്ത പക്ഷം അപേക്ഷ സ്വയം റദ്ദാക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Kuwait is set to implement a new system allowing advance customs clearance for goods entering through land borders, aimed at speeding up trade and reducing delays.