കുവൈറ്റിലേക്ക് എത്തുന്നതിന് മുമ്പായുള്ള പ്രവാസികളുടെ മെഡിക്കൽ പരിശോധന കൂടുതൽ കർശനമാക്കും

രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കുവൈറ്റിലേക്ക് എത്തുന്നതിന് മുമ്പായുള്ള പ്രവാസികളുടെ മെഡിക്കൽ പരിശോധന കൂടുതൽ കർശനമാക്കും
dot image

പുതിയ വിസയില്‍ കുവൈറ്റിലേക്ക് എത്തുന്നതിന് മുന്നോടിയായി പ്രവാസികള്‍ക്ക് നാട്ടില്‍ വെച്ച് നടത്തുന്ന മെഡിക്കല്‍ പരിശോധനാ സംവിധാനം കൂടുതല്‍ കര്‍ശനമാക്കുന്നു. ജിസിസി ഹെല്‍ത്ത് കൗണ്‍സിലിന്റെ പുതുക്കിയ 'വാഫിദ്' ചട്ടങ്ങള്‍ അടിസ്ഥാനമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി.

ജിസിസി ഹെല്‍ത്ത് കൗണ്‍സിലിന്റെ പുതുക്കിയ 'വാഫിദ്' മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍-അവദിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 54 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഉത്തരവ് മെഡിക്കല്‍ പരിശോധനാ നടപടികള്‍ കൂടുതല്‍ ക്രമബദ്ധവും സുതാര്യവുമാക്കും. കൂടാതെ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഇലക്ട്രോണിക് ഏകോപനം ശക്തമാക്കുന്നതോടെ, പരിശോധനയും മറ്റ് നടപടികളും കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും പൂര്‍ത്തിയാക്കാനും സാധിക്കും. അതോടൊപ്പം വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും അവ പുതുക്കുന്നതിനും കര്‍ശന മാനദണ്ഡങ്ങളാണ് ബാധകമാക്കിയിരിക്കുന്നത്.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും നിശ്ചിത നിലവാരവും പ്രൊഫഷണലിസവും പാലിക്കണമെന്നും പരിശോധനകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി, രേഖാ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ ക്രമീകരിക്കുന്നതോടെ വിസ, താമസാനുമതി നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാകും. അതേസമയം, വിദേശത്ത് നിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വരുന്നവര്‍ കുവൈറ്റിലെത്തിയ ശേഷം അംഗീകൃത കേന്ദ്രങ്ങളില്‍ വീണ്ടും പരിശോധന നടത്തണമെന്ന നിലവിലെ നിബന്ധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Kuwait plans to make pre-departure medical examinations for expatriates more stringent. The move is intended to strengthen public health safeguards and ensure stricter health compliance for incoming workers.

dot image
To advertise here,contact us
dot image