കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു; കേരളത്തിലേക്ക് ആദ്യ സർവീസ് നാളെ

കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചത്

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു; കേരളത്തിലേക്ക് ആദ്യ സർവീസ് നാളെ
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു. ആദ്യ ദിനമായ ഇന്ന് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ വിവിധ നഗരങ്ങളിലേക്ക് 11 വിമാനങ്ങളാണ് പറന്നുയര്‍ന്നത്. നാളെയാണ് കേരളത്തിലേക്കുള്ള സര്‍വീസിന് തുടക്കമാവുക.

കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചത്. ഡല്‍ഹി, മുംബൈ, കെയ്‌റോ, അമ്മാന്‍, മനില തുടങ്ങിയ നഗരങ്ങളിലേക്ക് അഞ്ച് സര്‍വീസുകളാണ് ആദ്യദിനം കുവൈറ്റ് എയര്‍വേസ് നടത്തിയത്. വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കുവൈറ്റ് ഐര്‍വേസ് ആക്ടിങ് സിഇഒ അബ്ദുള്‍ വഹാബ് അല്‍ ഷാത്തി പറഞ്ഞു.

മുംബൈ, ഇസ്താംബുള്‍, ബെയ്റൂട്ട്, കെയ്‌റോ എന്നിവിടങ്ങളിലേക്കായിരുന്നു ജസീറ എയര്‍വെയ്‌സിന്റെ ഇന്നത്തെ സര്‍വീസുകള്‍. ജസീറ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നവര്‍ ടെര്‍മിനല്‍ 5-ലേക്ക് നേരിട്ട് പോകരുതെന്നും ജസീറ പാര്‍ക്ക് ഫ്‌ളൈ കെട്ടിടത്തിലേക്കാണ് ആദ്യം എത്തേണ്ടതെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എയര്‍പേര്‍ട്ടില്‍ എത്തണമെന്നും വിമാനകമ്പനികള്‍ നിര്‍ദ്ദേശിച്ചു.

കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ് നാളെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് കുവൈറ്റ് എയര്‍വേയ്‌സിന്റെ വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. കുവൈറ്റ് എയര്‍വെയ്‌സ്, ജസീറ എര്‍വെയ്‌സ് എന്നീ ദേശീയ വിമാന കമ്പനികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സര്‍വീസിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ അടുത്ത മാസം അവസാനം മധ്യ വേനല്‍ അവധി ആരംഭിക്കുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി കുടുംബങ്ങള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 22 നാണ് കുവൈറ്റ് വിമാനത്തവാളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

Content Highlights: Flight services from Kuwait Airport have resumed, with the first service to Kerala scheduled for tomorrow. Normal operations are gradually returning after recent disruptions.

dot image
To advertise here,contact us
dot image