

കുവൈറ്റില്‍ വിസാ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പുതിയ നിയമം നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങൾ കുവൈറ്റ് താമസകാര്യ വകുപ്പ് പുറത്തിറക്കി. പുതിയ നിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
വിസാ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതികളും തര്‍ക്കങ്ങളും വേഗത്തില്‍ പരിഹരിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. താമസാനുമതി രേഖയുമായി ബന്ധപ്പെട്ട കേടതി വിധികളില്‍ നടപടി സ്വീകരിക്കുന്നതിനാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. എന്‍ഫോഴ്സ്മെന്റ് വിഭാഗം വഴി ലഭിക്കുന്ന കോടതി വിധികള്‍ നേരിട്ട് സ്വീകരിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം താമസാനുമതിയുമായി ബന്ധപ്പെട്ട കേസുകളിലെ കോടതി വിധികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ആദ്യം ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലീഗല്‍ അഫയേഴ്സിനെയാണ് സമീപിക്കേണ്ടത്.
പരാതികളില്‍ നിയമ വിഭാഗം വിശദമായ പരിശോധന നടത്തും. തുടര്‍ന്ന് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി സിസ്റ്റംസ് ആന്‍ഡ് എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് പ്രൊസീജിയേഴ്‌സ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്നുള്ള രേഖകള്‍ നേരിട്ട് സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
എല്ലാ ജീവനക്കാരും പുതിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും താമസകാര്യ വകുപ്പ് വ്യക്തമാക്കി. ഭരണപരമായ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും നിയമപരമായ കൃത്യത ഉറപ്പാക്കാനും പുതിയ നടപടിയിലൂടെ കഴിയുമെന്ന് താമസകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മസീദ് അല്‍ മുതൈരി അഭിപ്രായപ്പെട്ടു.
Content Highlights: