

കുവൈറ്റിൽ ഗാര്‍ഹിക പീഡനത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം അതിക്രമങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ഇതു സംബന്ധിച്ച നിയമം പരിഷ്‌ക്കരിച്ചിരിക്കുന്നത്. വ്യാജ പരാതികള്‍ നല്‍കുന്നവര്‍ക്കും കടുത്ത ശിക്ഷ നിയമം ഉറപ്പാക്കുന്നുണ്ട്.
നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് പുതിയ നിയമം കുവൈറ്റ് ഭരണകൂടം അവതരിപ്പിച്ചിരുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ തടയുകയും കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം രാജ്യത്ത് നിലവില്‍ വന്നു. നിയമ ലംഘകര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതികളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാരീരിക പീഡനങ്ങള്‍ക്ക് പുറമെ മാനസികം, ലൈംഗികം, സാമ്പത്തികം എന്നിങ്ങനെയുള്ള എല്ലാത്തരം അതിക്രമങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.
കുടുംബാംഗങ്ങളുടെ സംരക്ഷണത്തിനായി വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ സമിതി രൂപീകരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. പീഡനത്തിന് ഇരയാകുന്നവര്‍ക്കായി പ്രത്യേക അഭയകേന്ദ്രങ്ങള്‍ ഒരുക്കും. അത്തരക്കാര്‍ക്ക് ആവശ്യമായ ചികിത്സയും സൗജന്യ നിയമസഹായവും ഉറപ്പാക്കുമെന്നും നിയമം വ്യക്തമാക്കുന്നു. കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇരകളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന വ്യവസ്ഥയും പുതിയ നിയമത്തില്‍ ഉണ്ട്. ഇരകളുടെ പേരോ ചിത്രമോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല.
പരാതി പിന്‍വലിക്കാന്‍ ഇരയെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ ആറ് മാസം വരെ തടവും ആയിരം ദിനാര്‍ പിഴയുമാണ് ശിക്ഷ. കുട്ടികള്‍ക്കെതിരായ പീഡനം ശ്രദ്ധയില്‍പെട്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നവര്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. വ്യാജ പീഡന പരാതി നല്‍കുന്നവരും കനത്ത ശിക്ഷ നേരിടേണ്ടി വരും. പബ്ലിക് പ്രോസിക്യൂഷനായിരിക്കും ഇത്തരം കേസുകളില്‍ അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കുകയെന്നും നിയമം വ്യക്തമാക്കുന്നു.
Content Highlights: