

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ തെക്കൻ മേഖലയിൽ വൈദ്യുത ലൈനുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ കേടുപാടുകൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് രണ്ട് ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനുകൾ കൂടി തകരാറിലായിരുന്നു. ഇവയും സാങ്കേതിക വിഭാഗം വിജയകരമായി പുനസ്ഥാപിച്ചതായി മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ ഹയാത്ത് കൂട്ടിച്ചേർത്തു. കൂടാതെ കഴിഞ്ഞ ദിവസം അഞ്ച് വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ചിരുന്നു. അതീവ സുരക്ഷാ പ്രോട്ടോക്കോളുകളും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
ദേശീയ വൈദ്യുതി ഗ്രിഡ് പൂർണ്ണമായും സുരക്ഷിതമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സാങ്കേതിക സംഘം സജ്ജമാണ്. തകരാറുകൾ പരിഹരിക്കാൻ രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ച സ്വദേശികളായ എൻജിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും മന്ത്രാലയം അഭിനന്ദിച്ചു. ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ രാജ്യത്തെ വൈദ്യുതി വിതരണം തടസ്സപ്പെടാതെ നിലനിർത്താൻ സാധിച്ചതായും വക്താവ് വ്യക്തമാക്കി.
Content Highlights: Kuwait has restored electricity lines that were damaged after missile debris fell in the area, with authorities confirming that power supply has returned to normal.