

കുവൈറ്റില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തങ്ങളുടെ വാഹനം മറ്റൊരാള്‍ക്ക് ഓടിക്കാന്‍ നല്‍കാന്‍ ഇനി മുതല്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ സഹേല്‍ ആപ്പ് വഴി അനുമതി നല്‍കാനാകും. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള നടപടികളും കാലതാമസവും ഒഴിവാക്കാനാകും.
ഔദ്യോഗിക സംവിധാനമായ സഹേല്‍ ആപ്പില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാകുന്ന കൂടുതല്‍ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം കുവൈറ്റിലെ വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനം മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതിനുള്ള അനുമതിപത്രം ഇനി മുതല്‍ സഹേല്‍ ആപ്പ് വഴി ഡിജിറ്റലായി നല്‍കാനാകും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായാണ് പുതിയ ഇ-സേവനം അവതരിപ്പിച്ചിരിക്കുന്നത്.
വാഹന ഉടമകള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ തന്നെ മറ്റൊരാള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കാനും അനുമതിക്ക് എത്രത്തോളം കാലാവധി വേണമെന്ന് നിശ്ചയിക്കാനും സാധിക്കും. കൂടാതെ നല്‍കിയ അനുമതി പരിശോധിക്കാനും ആവശ്യമെങ്കില്‍ ഏത് സമയത്തും അത് റദ്ദാക്കാനുമുള്ള സൗകര്യവും ആപ്പില്‍ ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലളിതമായും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരിട്ട് ഓഫീസുകളില്‍ എത്താതെ തന്നെ വാഹന സംബന്ധമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വല്‍ക്കരണത്തിലേക്കുള്ള യാത്രയിലെ സുപ്രധാനമായ ചുവടുവെപ്പുകൂടിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി
Content Highlights: vehicle owners can authorize others to drive their vehicle through the sahel application