

കുവൈത്തില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഹാജര്‍ രേഖപ്പെടുത്തുന്ന സംവിധാനത്തില്‍ വന്‍തോതില്‍ കൃത്രിമം കാണിച്ച 12 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന് കീഴിലുള്ള ഫോര്‍ജറി ആന്‍ഡ് കൗണ്ടര്‍ഫീറ്റിംഗ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഔദ്യോഗിക ജോലി സമയങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെയും വ്യാജരേഖകള്‍ ചമയ്ക്കുന്നവരെയും കണ്ടെത്താനായി നടത്തുന്ന കര്‍ശനമായ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നടപടി. ഒരു മന്ത്രാലയത്തിലെ 12 സ്ത്രീ, പുരുഷ ജീവനക്കാരാണ് പിടിയിലായത്. ഇവര്‍ക്ക് വേണ്ടി നിയമവിരുദ്ധമായി ഹാജര്‍ രേഖപ്പെടുത്തി നല്‍കിയിരുന്ന രണ്ട് പ്രവാസികളെയും അറസ്റ്റ് ചെയ്തു.
സിലിക്കണ്‍ ഉപയോഗിച്ച് നിര്‍മിച്ച വിരലടയാളങ്ങളുടെ കൃത്രിമ മാതൃകകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജീവനക്കാരുടെ ഹാജര്‍, മെഷീനില്‍ രേഖപ്പെടുത്തിയിരുന്നത്. ജോലിക്ക് ഹാജരാകാതെ തന്നെ ഔദ്യോഗിക രേഖകളില്‍ തങ്ങള്‍ ജോലിയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ജീവനക്കാര്‍ക്ക് ഇതിലൂടെ കഴിഞ്ഞിരുന്നു.
Content Highlights: 12 Kuwaitis Nabbed in Ministry Attendance Scam