

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് മുസ്‌ലിം ലീഗിന്റെ ഓഫീസിനു നേരെ കല്ലേറുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സിപിഐഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. അതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്‌ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മലപ്പുറം ഒഴൂർ അയ്യായയിൽ മുസ്‍ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഒഴൂർ പഞ്ചായത്ത് വാർഡ് 15ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്‍ലിം ലീഗ് ഓഫീസാണ് കത്തിനശിച്ചത്. മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ്, മലപ്പുറം ഡിവൈഎസ്‍പി, താനൂർ ഡിവൈഎസ്‍പി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മലപ്പുറത്തുനിന്നും ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തിയിരുന്നു.
Content Highlights: Stone pelting at Muslim League office; UDF hartal in Perinthalmanna today