

കുവൈത്തില്‍ പ്രവാസികള്‍ക്ക് തിരച്ചടിയായി വിസ, ഇന്‍ഷുറന്‍സ് നിരക്കുകള്‍ക്ക് വര്‍ദ്ധിപ്പിച്ചു. പുതിയ നിയമം ഈ മാസം 23 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സാമ്പത്തിക പരിഷ്‌ക്കാരം.
പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നതോടെ രാജ്യത്തെ വിസ ഫീസുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകളിലും വലിയ വര്‍ദ്ധനവ് ഉണ്ടാകും. സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനുള്ള വാര്‍ഷിക ഫീസ് 10 ദിനാറില്‍ നിന്ന് 20 ആയി വര്‍ദ്ധിപ്പിച്ചു.
ഫാമിലി വിസക്കും അധിക നിരക്ക് നല്‍കേണ്ടി വരും. ഭാര്യയ്ക്കും മക്കള്‍ക്കും റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ ഒരാള്‍ക്ക് 20 ദിനാര്‍ വീതം ഈടാക്കും. ഇതിന് പുറമെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കുളള വാര്‍ഷിക ഫീസ് 300 ദിനാറായും വര്‍ദ്ധിപ്പിച്ചു.
കുടുംബാങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുളള ശമ്പള പരിധി 800 ദിനാറായും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ ശമ്പള പരിധിയില്‍ ചില ഇളവുകള്‍ ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും വര്‍ദ്ധിപ്പിച്ചു. റെസിഡന്‍സി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 100 ദിനാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസായി നല്‍കണം.
ടൂറിസ്റ്റ്, ബിസിനസ്, ഫാമിലി ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വിസിറ്റ് വിസ അനുവദിക്കുന്നതിന് 10 ദിനാറും ഫീസ് ഈടാക്കും. ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍, ആദ്യത്തെ രണ്ട് തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് 50 ദിനാര്‍ വീതമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്കും വസ്തു ഉടമകള്‍ക്കുമുള്ള റെസിഡന്‍സി ഫീസ് 50 ദിനാറായിരിക്കും.
സെല്‍ഫ് സ്‌പോണ്‍സര്‍ വിഭാഗത്തിലുള്ളവര്‍ 500 ദിനാര്‍ വാര്‍ഷിക ഫീസായി നല്‍കേണ്ടി വരും. രാജ്യം വിട്ടുപോകുന്നവര്‍ ഡിപ്പാര്‍ച്ചര്‍ പിരീഡില്‍ ഓരോ മാസത്തിനും 10 ദിനാര്‍ അധികമായി നല്‍കണമെന്നും നിയമം വ്യക്തമാക്കുന്നു. ഡിസംബര്‍ 23 മുതല്‍ സമര്‍പ്പിക്കുന്ന എല്ലാ പുതിയ അപേക്ഷകള്‍ക്കും പുതുക്കലുകള്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait introduces major hike in residency and visa fees across various categories