

കുവൈത്തില്‍ പൗരത്വ രേഖകളില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയവര്‍ക്കും വ്യാജ രേഖകള്‍ വഴി പൗരത്വം നേടിയവര്‍ക്കും തിരുത്താന്‍ അവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം. പൗരത്വ ഫയലുകളിലെ കൃത്രിമത്വം കണ്ടെത്താനുള്ള കര്‍ശന പരിശോധന തുടരുന്നതിനിടെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൗരത്വ രേഖകള്‍ കൂടുതല്‍ സുതാര്യമാക്കാനും വ്യാജ രേഖകള്‍ ഒഴിവാക്കാനുമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്താലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ്‌സ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിയമലംഘനം നടത്തിയവര്‍ സ്വമേധയാ മുന്നോട്ടുവന്ന് വിവരങ്ങള്‍ വെളിപ്പെടുത്തുകയാണെങ്കില്‍, അവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികളിലും പിഴകളിലും താത്കാലിക ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൗരത്വ രേഖകളില്‍ കൃത്രിമം കാണിച്ചവരോ തെറ്റായ വിവരങ്ങള്‍ നല്‍കിയവരോ സ്വമേധയാ അധികൃതരെ അറിയിക്കണം. നിശ്ചിത സമയത്തിനകം വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് നിയമപരമായ ശിക്ഷകളില്‍ നിന്ന് ഇളവ് ലഭിക്കും.
നിയമവിരുദ്ധമായി പൗരത്വം കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ കുവൈത്ത് സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, പിടിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന കടുത്ത നിയമനടപടികളില്‍ നിന്ന് ഒഴിവാകാന്‍ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്കായി പ്രത്യേക സംവിധാനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
Content Highlights: Kuwait offers opportunity for corrections for those who made illegal changes to citizenship documents