
കുവൈത്തില്‍ നിര്‍മാണ മേഖലകളില്‍ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന നിരവധി പ്രവാസികള്‍ പിടിയിലായി. കുവൈത്തിൽ നിയമ വിരുദ്ധമായി നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രായലത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
അല്‍-നാഈം ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ മേഖലയില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ നിയമ വിരുദ്ധമായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി പ്രവാസികള്‍ പിടിയിലായി. ഔദ്യോഗിക പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള ജോലി ചെയ്യാതെ മറ്റ് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ആളുകളെയും പിടികൂടി.
രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ കീഴിലും നിരവധി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. നിയമവിരുദ്ധമായ തൊഴില്‍പ്രവര്‍ത്തനങ്ങള്‍ തടയുകയും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
Content Highlights: Illegal workers caught in Kuwait, Ministry of Interior steps up inspections