

ഇന്ത്യൻ ടി20 ക്രിക്കറ്റിൽ ഒരു പുതിയ യുഗത്തിന് നാളെ തുടക്കമാകുയാണ്. ടി20 ടീമിന്‍റെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ നാളെ ബെൽഫാസ്റ്റിൽ ഇറങ്ങും.
അയർലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ ആരാധകരുടെ കണ്ണ് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയിലാണ്. വൈഭവ് നാളെ ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരധകരുടെ ആകാംക്ഷ. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലില്‍ 29 പന്തില്‍ 94 റൺസടിച്ച വൈഭവ് 11 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് കുറിച്ചിരുന്നു.
വൈഭവ് ഓപ്പണറായി അരങ്ങേറിയാൽ ടീമിൽ നിന്ന് ആരെ പുറത്തിരുത്തും എന്നതാണ് ടീം മാനേജ്‌മെന്‍റിനെ അലട്ടുന്ന പ്രധാന ചോദ്യം. ലോകകപ്പില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ സഞ്ജു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ലോകകപ്പില്‍ നിറം മങ്ങിയെങ്കിലും അഭിഷേക് ഐപിഎല്ലില്‍ തകര്‍ത്തടിച്ചിരുന്നു.
ടി20 ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യയുടെ ടോപ്പ് സ്കോററാവുകയും 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം നേടുകയും ചെയ്ത സഞ്ജു സാംസൺ തന്നെയായിരിക്കും അയര്‍ലന്‍ഡിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നാണ് സൂചന. കോച്ച് ഗൗതം ഗംഭീറിന്‍റെ പിന്തുണയും സഞ്ജുവിനുണ്ട്.
സഞ്ജുവിനൊപ്പം വൈഭവ് ഓപ്പൺ ചെയ്യുകയാണെങ്കിൽ, നിലവിൽ ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമയ്ക്ക് സ്ഥാനം നഷ്ടമായേക്കും. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ അടുത്ത 7 മത്സരങ്ങൾക്കുള്ളിൽ വൈഭവിനെ പരീക്ഷിക്കാൻ മാനേജ്‌മെന്‍റ് തീരുമാനിച്ചാൽ അഭിഷേകിന് പുറത്തിരിക്കേണ്ടി വരും. ഇനി ആരെയും മാറ്റാതെ പൊസിഷൻ മാറ്റി കളിപ്പിക്കുമോ എന്നതും ചോദ്യമാണ്.
ഇന്ത്യയുടെ സാധ്യത ഇലവൻ
വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ / വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ.
Content highlights:india vs ireland 1st t20 probable playing xi vaibhav suryavanshi debut