

പശ്ചിമേഷ്യയില്‍ വീണ്ടും സ്ഥിതിഗതികള്‍ സങ്കീർണ്ണമാകുന്നു. കുവൈറ്റിനും ബഹ്റൈനും എതിരെ ഇറാൻ വീണ്ടും ആക്രമണം നടത്തി. മിസൈല്‍ ആക്രമണം പ്രതിരോധിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയാണ് പ്രത്യാക്രമണമെന്ന് ഇറാനും വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ യുഎസ് അകമ്പടിയോടെയെത്തിയ വാണിജ്യ കപ്പലുകൾ ഇറാൻ തടഞ്ഞതോടെയാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം. യുഎസ് കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണം അമേരിക്ക പരാജയപ്പെടുത്തുകയും പകരം ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ഇതിൽ ആറെണ്ണവും തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അമേരിക്കൻ താവളങ്ങളായിരുന്നു ലക്ഷ്യമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡും സ്ഥിരീകരിച്ചു.
മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതോടെ കുവൈറ്റ് വിമാനത്താവള പരിസരത്തും മനാമയിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. മുൻകരുതലായി കുവൈറ്റ് വ്യോമാതിർത്തി രണ്ട് മണിക്കൂർ അടച്ചിട്ടു. കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുടെ 11 വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമായ ശേഷമാണ് വ്യോമാതിർത്തി വീണ്ടും തുറന്നത്. രാജ്യത്തിൻ്റെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമായ ആക്രമണത്തെ കുവൈറ്റും ബഹ്‌റൈനും അപലപിച്ചു. സംഘർഷ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കുവൈറ്റിന് രണ്ട് ബില്യൺ ഡോളറിന്റെ ആന്റി-ഡ്രോൺ ആയുധങ്ങൾ വിൽക്കാൻ യുഎസ് അടിയന്തര അനുമതി നൽകി.
Content Highlights: Regional tensions in West Asia have intensified following reports of Iranian attacks targeting Kuwait and Bahrain. The developments have heightened security concerns across the Gulf region, prompting close monitoring by regional authorities and the international community.