

ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ ഇന്നും ശക്തമായ പ്രതിരോധമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചത്. എട്ട് ബാലിസ്റ്റിക് മീസൈലുകളും 26 ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് മാത്രം തകര്‍ത്തത്. അതിനിടെ യുഎഇയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറ് ആയി.
ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും വിവിധ ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി ഇന്നും ഇറാന്റെ ഡ്രോണുകളും മിസൈലുകളും എത്തി. 10 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളുമാണ് യുഎഇയെ ലക്ഷ്യമാക്കി ഇന്ന് ഇറാന്‍ തൊടുത്തത്. ഇതില്‍ എട്ട് മിസൈലുകളും 26 ഡ്രോണുകളും യുഎഇ തകര്‍ത്തു. ഒമ്പത് ഡ്രോണുകള്‍ രാജ്യത്ത് പതിച്ചപ്പോള്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ കടലില്‍ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 262 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇയ്ക്ക് നേരെ എത്തിയത്. അതില്‍ 241 എണ്ണവും പ്രതിരോധിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു.
യുഎഇയിലേയ്ക്ക് എത്തിയ 1,475 ഡ്രോണുകളില്‍ 1,385 എണ്ണം സായുധസേന തകര്‍ത്തു. 90 ഡ്രോണുകളാണ് രാജ്യത്ത് പതിച്ചതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഇമറാത്തി, പാക്കിസ്താനി, നേപ്പാളി, ബംഗ്ലാദേശി സ്വദേശികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇന്ത്യക്കാരടക്കം 122 പേര്‍ക്ക് പരിക്കേറ്റതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ഇടവിട്ടുള്ള ആക്രമണങ്ങള്‍ തുടരുമ്പോഴും യുഎഇയിലെ ജനജീവിതം സാധാരണ നിലയില്‍ തന്നെ മുന്നോട്ട് പോകുന്നു. ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും ശക്തമായി പ്രതിരോധിക്കാന്‍ യുഎഇക്ക് കഴിയുന്നുണ്ട്. ഇത് തന്നെയാണ് രാജ്യം ജനങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷയും.
Content Highlights: Iran continues attacks on Gulf countries, which respond with strong defense measures and heightened military readiness amid rising regional tensions.