സഞ്ജുവിനും ബുംറയ്ക്കും ട്രോഫി മാത്രം, സമ്മാനമായി പണമില്ല; കാരണം അറിയാം

ഫൈനലിൽ താരമായത് ബുംറയാണെങ്കിൽ ടൂർണമെന്റിന്റെ താരമായത് സഞ്ജുവാണ്

സഞ്ജുവിനും ബുംറയ്ക്കും ട്രോഫി മാത്രം, സമ്മാനമായി പണമില്ല; കാരണം അറിയാം
dot image

2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷമാക്കുകയാണ് ആരാധകർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകകിരീടത്തിൽ മുത്തമിടുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയെ മൂന്നാം കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായത് മലയാളി താരം സഞ്ജു സാംസൺ നടത്തിയ തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ കിടിലൻ ബൗളിങുമാണ്. ഫൈനലിൽ താരമായത് ബുംറയാണെങ്കിൽ ടൂർണമെന്റിന്റെ താരമായത് സഞ്ജുവാണ്.

സീസണിലെ തുടർച്ചയായി മൂന്ന് നിർണായക മത്സരങ്ങളിൽ ഗംഭീര പെർഫോമൻസ് നടത്തിയാണ് സഞ്ജു പ്ലേയർ ഓഫ് ദ ടൂർണമെന്റായി മാറിയത്. ഫൈനൽ മത്സരത്തിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തത്തോടെ ബുംറ പ്ലേയർ ഓഫ് ദ മാച്ച് ആയും മാറി. പക്ഷേ രണ്ടു പേർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ച വേളയിൽ പതിവായി കൈമാറാറുള്ള ആ വലിയ ചെക്ക് ഇത്തവണ നൽകിയില്ല. അതിനു കാരണം അറിയാം.

ഇന്ത്യൻ പ്രീമിയർ ലീ​ഗിലുള്ളതുപോലെ വ്യക്തിഗത പുരസ്കാരങ്ങൾക്ക് പണം സമ്മാനമായി നൽകുന്ന ഫ്രാഞ്ചൈസി മോഡൽ ഐസിസി പിന്തുടരാത്തതാണ് ഇതിനുകാരണം. പകരം 'ടോട്ടൽ പ്രൈസ് പൂൾ' എന്ന സംവിധാനമാണ് ഐസിസി ഇവിടെ പിന്തുടരുന്നത്. ടൂർണമെന്റുകളിലോ മത്സരങ്ങളിലോ വിജയികൾക്കായി നീക്കിവെച്ചിരിക്കുന്ന ആകെ സമ്മാനത്തുകയെന്നാണ് 'ടോട്ടൽ പ്രൈസ് പൂൾ' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുത്ത രാജ്യങ്ങളുടെ റാങ്കിങ് അനുസരിച്ച് ആയിരിക്കും ഐസിസി വലിയൊരു തുക സമ്മാനമായി നൽകുക. ക്രിക്കറ്റ് ഒരു ടീം ഗെയിം ആയതുകൊണ്ടു തന്നെ വ്യക്തിഗതമായി പണം നൽകുന്നത് ഒഴിവാക്കുന്നതിലൂടെ, ദശലക്ഷക്കണക്കിന് ഡോളർ വരുന്ന സാമ്പത്തിക പ്രതിഫലം അതത് രാജ്യങ്ങളിലെ ബോർഡുകൾക്ക് (ഉദാഹരണത്തിന് ബിസിസിഐ) നേരിട്ട് ലഭിക്കുന്നെന്ന് ഐസിസി ഉറപ്പാക്കുന്നു. ഇങ്ങനെ നൽകുന്ന പണം ടീമിലുള്ള എല്ലാ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും മറ്റു സപ്പോർട്ട് സ്റ്റാഫുകൾക്കും വിഭജിച്ചു നൽകേണ്ട ഉത്തരവാദിത്തം ആ ബോർഡിനാണ്.

Content Highlights: The reason Sanju Samson and Jasprit Bumrah Didn't recieve any Cash prize in Finale

dot image
To advertise here,contact us
dot image