

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ കമ്പനിയായ വി-ഗാര്‍ഡ് പുതിയ നിക്ഷേപം നടത്തുന്നു. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് ഗെഗാഡൈന്‍ എനര്‍ജി ലാബ്‌സ് എന്ന കമ്പനിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ വി-ഗാര്‍ഡ് തീരുമാനിച്ചത്. കമ്പനി ഇത് സംബന്ധിച്ച് ബിഎസ്ഇയേയും, എന്‍എസ്ഇയേയും തീരുമാനം അറിയിച്ചിട്ടുണ്ട്.

എന്താണ് പുതിയ നിക്ഷേപം ?
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻറ്റെ ബോർഡ് , ഗെഗാഡിൻ എനർജി ലാബ്സിൽ 25 കോടി രൂപയുടെ അധിക നിക്ഷേപത്തിന് അംഗീകാരം നൽകി. ഇത് നിലവിലുള്ള ഓഹരി 30.35% ആയി വർദ്ധിപ്പിക്കുന്നതിനും, ബാറ്ററി സാങ്കേതികവിദ്യകളിലേക്കുള്ള തന്ത്രപരമായ പ്രവേശനം ഉറപ്പാക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. ഈ നിക്ഷേപത്തോടെ ഗെഗാഡൈൻ കമ്പനിയിലെ വി-ഗാർഡിന്റെ ഓഹരി പങ്കാളിത്തം 30.35% ആയി ഉയരും. മുൻപ് ഇത് 24% ഓളം ആയിരുന്നു.
ഗെഗാഡൈൻ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ്. ലിഥിയം അയോൺ ബാറ്ററികൾക്ക് പകരമായി, വെറും 15 മിനിറ്റിൽ ചാർജ് ചെയ്യാവുന്ന അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യയാണ് ഇവർ വികസിപ്പിക്കുന്നത്.ലിഥിയത്തിന് പകരം ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന അലുമിനിയം , ഗ്രാഫീൻ എന്നിവ ഉപയോഗിച്ചാണ് ഇവർ ബാറ്ററികൾ നിർമ്മിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമാണ്.
സാധാരണ ഇലക്ട്രിക് വാഹനങ്ങൾ മണിക്കൂറുകൾ എടുത്ത് ചാർജ് ചെയ്യുമ്പോൾ, ഇവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 0-100% ചാർജ് ചെയ്യാൻ സാധിക്കും.സാധാരണ ബാറ്ററികളേക്കാൾ 50-100 മടങ്ങ് കൂടുതൽ സൈക്കിളുകൾ (ചാർജിംഗ് സൈക്കിളുകൾ) ഈ ബാറ്ററികൾക്ക് ഉണ്ട് . അതായത് ഏകദേശം 10 വർഷത്തിലേറെ തടസ്സമില്ലാതെ ഈ ബാറ്ററികൾ പ്രവർത്തിക്കും.

ഇതുകൊണ്ട് വി-ഗാർഡിന് എന്ത് നേട്ടം?
ഇലക്ട്രിക് വാഹനങ്ങളും ഊർജ്ജ സംഭരണ സംവിധാനങ്ങളും ഭാവിയിൽ വലിയ വളർച്ച നേടുന്ന മേഖലകളാണ്. ഗെഗാഡൈനിലെ പങ്കാളിത്തം വി-ഗാർഡിന് ഈ മേഖലയിൽ വലിയ മുൻതൂക്കം നൽകും.വി-ഗാർഡിന്റെ ഇൻവെർട്ടറുകൾ, മറ്റ് പവർ സൊല്യൂഷനുകൾ എന്നിവയിൽ ഗെഗാഡൈന്റെ ഈ 'ഫാസ്റ്റ് ചാർജിംഗ്' സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കും. ഇത് വി-ഗാർഡ് ഉൽപ്പന്നങ്ങളെ വിപണിയിൽ കൂടുതൽ കരുത്തരാക്കും. ഗെഗാഡൈൻ വികസിപ്പിക്കുന്ന ബാറ്ററികൾക്ക് സാധാരണ ബാറ്ററികളേക്കാൾ ആയുസ്സ് കൂടുതലായിരിക്കും. ഇത് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകാൻ സഹായിക്കും.വിദേശത്തുനിന്നുള്ള ലിഥിയം ബാറ്ററികളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയിൽ തന്നെ നിർമ്മിച്ച ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഈ പങ്കാളിത്തം സഹായിക്കും.
ചുരുക്കത്തിൽ വരാനിരിക്കുന്ന ഊർജ്ജ വിപ്ലവത്തിൽ ഒരു വലിയ ചുവടുവെപ്പിനാണ് വി-ഗാർഡ് ഈ നിക്ഷേപത്തിലൂടെ ശ്രമിക്കുന്നത്. ഭാവിയിൽ വി-ഗാർഡിന്റെ ഇൻവെർട്ടറുകളും ബാറ്ററികളും കൂടുതൽ സ്മാർട്ടും കാര്യക്ഷമവുമാകാൻ ഇത് വഴിയൊരുക്കും.ഈ വാർത്ത വന്നതോടെ, ഇന്ന് വി ഗാർഡിന്റെ ഓഹരി വില രണ്ടു ശതമാനത്തിലധികം ഉയർന്നു.
Content Highlights: Kochi-based V-Guard Industries plans additional investment in Gegadyne Energy Labs, informing BSE and NSE after its board decision