

ഇറാന്‍-യുഎസ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഒമാന്‍ വിദേശകാര്യ മന്ത്രി സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. സമാധാന ശ്രമങ്ങള്‍ക്ക് ഒമാന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എല്ലാ പിന്തുണയും സ്വിറ്റ്സര്‍ലന്‍ഡ് വാഗ്ദാനം ചെയ്തു. ടെലിഫോണിലായിരുന്നു ഇരുരാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാരുടെയും ചര്‍ച്ച.
ഇറാനും യുഎസും തമ്മിലുള്ള ആണവക്കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം എന്ന നിലയായിരുന്നു സ്വിറ്റ്സര്‍ലന്‍ഡുമായുള്ള ചര്‍ച്ച. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയും സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ കൗണ്‍സിലറും വിദേശകാര്യ വകുപ്പ് മേധാവിയുമായ ഇഗ്‌നാസിയോ കാസിസും തമ്മിലാണ് ടെലഫോണില്‍ ചര്‍ച്ച നടത്തിയത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഇരുമന്ത്രിമാരും അവലോകനം ചെയ്തു. ഒമാന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്‍തുണയും ഇഗ്‌നാസിയോ കാസിസ് വാഗ്ദാനം ചെയ്തു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശക്തമായ ഇടപെടലാണ് ഒമാന്‍ നടത്തിവരുന്നത്.
ഒമാന്റെ മധ്യസ്ഥതയില്‍ യുഎസിന്റെയും ഇറാന്റെയും നയതന്ത്ര പ്രതിനിധികള്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ ഒരു പരിധിവരെ പുരോഗതി കൈവരിക്കാനും ഒമാന്റെ ഇടപെടല്‍ മൂലം കഴിഞ്ഞു. എന്നാല്‍ ആണവക്കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. എങ്കിലും തുടര്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് ഒമാന്‍ വിലയിരുത്തുന്നത്. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായും ഒമാന്‍ വിദേശകാര്യ മന്ത്രി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: Amid renewed Iran–US tensions, the foreign ministries of Oman and Switzerland have held discussions aimed at facilitating mediation and advancing potential peace talks.