ദുബായ് ലോകത്തെ അമ്പരപ്പിക്കും: സ്‌കൈപോഡ്, ലൂപ്പ്, റെയില്‍ബസ്, ട്രാക്കില്ലാ ട്രാം: വരുന്നത് വന്‍ പദ്ധതികള്‍

ദുബായ് ലൂപ്പ് പദ്ധതി മണിക്കൂറിൽ ഒരു ലക്ഷം യാത്രക്കാരെയും സ്കൈപോഡ് സംവിധാനം 50000 യാത്രക്കാരെയും ലക്ഷ്യമിടുന്നു

ദുബായ് ലോകത്തെ അമ്പരപ്പിക്കും: സ്‌കൈപോഡ്, ലൂപ്പ്, റെയില്‍ബസ്, ട്രാക്കില്ലാ ട്രാം: വരുന്നത് വന്‍ പദ്ധതികള്‍
dot image

ദുബായ്: ദുബായിലെ പൊതുഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നൂതന പദ്ധതികളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 11-ാമത് ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ 'A Century of Mobility in Dubai' എന്ന ബുക്ക്‌ലെറ്റിലൂടെ ആർടിഎ ഭാവി ഗതാഗത പദ്ധതികള്‍ കഴിഞ്ഞ ദിവസം വിശദമായി അവതരിപ്പിച്ചു. ദുബായ് ലൂപ്പ്, സ്കൈപോഡ് സസ്പെൻഡഡ് ട്രാൻസ്പോർട്ട് സിസ്റ്റം, ട്രാക്ക്ലെസ് ട്രാം, റെയിൽബസ് തുടങ്ങിയ പദ്ധതികളാണ് ആർടിഎ അവതരിപ്പിച്ച പദ്ധതികളില്‍ ഏറെ ശ്രദ്ധ നേടുന്നത്.

ദുബായ് ലൂപ്പ് പദ്ധതി മണിക്കൂറിൽ ഒരു ലക്ഷം യാത്രക്കാരെയും സ്കൈപോഡ് സംവിധാനം 50000 യാത്രക്കാരെയും ലക്ഷ്യമിടുന്നു. തിരക്കേറിയ റോഡുകളിൽ നിന്ന് യാത്രകൾ ആകാശത്തേക്കും ഭൂമിക്കടിയിലേക്കും മാറ്റുന്നതാണ് ഈ പദ്ധതികളുടെ പ്രധാന സവിശേഷത. സ്കൈപോഡിൽ 7.5 മീറ്റർ ഉയരത്തിലുള്ള കാർബൺ കമ്പോസിറ്റ് ട്രാക്കുകളിലൂടെ സ്വയം നിയന്ത്രിത ഇലക്ട്രിക് കാപ്സ്യൂളുക സഞ്ചരിക്കും. ഓരോ കാപ്സ്യൂളുകള്‍ക്കും 4 മുതൽ 6 വരെ യാത്രക്കാരെ ഉൾക്കൊള്ളാന്‍ ശേഷിയുണ്ടായിരിക്കും.

പരമ്പരാഗത ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് 100 മടങ്ങ് കുറഞ്ഞ ഗ്രൗണ്ട് സ്പേസ് മാത്രമേ ഇതിന് ആവശ്യമുള്ളൂ എന്നതും ഇലക്ട്രിക് വാഹനങ്ങളെക്കാൾ അഞ്ചിരട്ടി ഊർജ്ജ കാര്യക്ഷമതയുള്ളതുമാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതകൾ. ശാന്തവും സുഖകരവുമായ യാത്രാനുഭവം നൽകുന്നതിനൊപ്പം ദീർഘദൂര യാത്രകൾ വേഗത്തിലാക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. 2030-ഓടെ ദുബായിലെ 25 ശതമാനം യാത്രകളും ഡ്രൈവർലെസ് വാഹനങ്ങളിലൂടെയാക്കാനുള്ള ദുബായുടെ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പുകളായാണ് ഈ നൂതന പദ്ധതികളെ വിലയിരുത്തുന്നത്.

ഇത്തിഹാദ് റെയില്‍

അതേസമയം, യുഎഇയുടെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള ഏഴ് പുതിയ സ്റ്റേഷനുകള്‍ കൂടി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ സമയം വലിയ തോതില്‍ കുറയും.

ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള പുതിയ ഏഴ് സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവായാണ് പുതിയതായി പ്രഖ്യാപിച്ച സ്റ്റേഷനുകള്‍.

അബുദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറയിലെ അല്‍ ഹിലാല്‍ ഏരിയ എന്നിവിടങ്ങളില്‍ മുമ്പ് പ്രഖ്യാപിച്ച സ്റ്റേഷനുകള്‍ക്ക് പുറമെയാണ് ഇത്. പുതിയ പ്രഖ്യാപനത്തോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. ഈ സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നും ഇത്തിഹാദ് റെയില്‍ അറിയിച്ചു. ജനസാന്ദ്രതയുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

Content Higlights:

dot image
To advertise here,contact us
dot image