കുവൈത്ത് കടുപ്പിക്കുന്നു: അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും വെച്ചുപൊറുപ്പിക്കില്ല

2016-ലെ നിയമ നമ്പർ 2-ന്റെ ഭേദഗതി പ്രകാരവും 2025-ലെ ഡിക്രി-ലോ നമ്പർ 69 പ്രകാരവുമാണ് നടപടി.

കുവൈത്ത് കടുപ്പിക്കുന്നു: അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും വെച്ചുപൊറുപ്പിക്കില്ല
dot image

കുവൈത്ത് സിറ്റി: അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക വെളിപ്പെടുത്തലുകളിലെ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ നടപടി കർശനമാക്കി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ആന്റി-കറപ്ഷൻ (നസാഹ) . 2025-ൽ മാത്രം 1035 പേരെ സംശയമുള്ള അഴിമതി കുറ്റകൃത്യങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അതോറിറ്റി അറിയിച്ചു.

അഴിമതി കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധ സമ്പത്ത് വർധന, തെറ്റായ സാമ്പത്തിക വെളിപ്പെടുത്തൽ പ്രസ്താവനകൾ സമർപ്പിക്കൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്തി വിവരങ്ങൾ സമർപ്പിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവരെ കൈമാറിയത്. 2016-ലെ നിയമ നമ്പർ 2-ന്റെ ഭേദഗതി പ്രകാരവും 2025-ലെ ഡിക്രി-ലോ നമ്പർ 69 പ്രകാരവുമാണ് നടപടി. ഈ ഭേദഗതി അതോറിറ്റിയുടെ അധികാരപരിധിയും നടപ്പാക്കൽ സംവിധാനങ്ങളും വിപുലീകരിച്ചു.

പൊതു ഫണ്ട് ദുരുപയോഗം തടയുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിൽ സത്യസന്ധതയും നിയമവാഴ്ചയും ഉറപ്പുവരുത്താനും പൊതു വിശ്വാസം നിലനിർത്താനും ദേശീയ വിഭവങ്ങൾ സംരക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി.

സാമ്പത്തിക വെളിപ്പെടുത്തൽ നിയമങ്ങൾക്ക് വിധേയരായ എല്ലാവരും കൃത്യസമയത്ത് കൃത്യമായ വിവരങ്ങൾ സമർപ്പിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇത് നിയമപരവും ധാർമികവുമായ ബാധ്യതയാണെന്നും പൊതു ഫണ്ട് സംരക്ഷിക്കുന്നതിനും സത്യസന്ധതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അനിവാര്യമാണെന്നും നസാഹ അധികൃതർ ഓർമിപ്പിച്ചു.

നിയമവിരുദ്ധമായി സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുമുള്ള അന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ ഊർജിതമാക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പായി ഈ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നു. അഴിമതിക്കെതിരായ നടപടികൾ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും നസാഹ അറിയിച്ചു.

Content Highlights: Kuwait has stepped up efforts to combat corruption and illicit wealth accumulation

dot image
To advertise here,contact us
dot image