

ഗൾഫ് മേഖലയിലെ തൊഴിൽ വിപണി ഉണർവിലേക്ക്. യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഏകദേശം പകുതിയോളം കമ്പനികളും 2026-ൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി പുതിയ സർവേ റിപ്പോർട്ട്. ശക്തമായ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമാണ് ഈ ആത്മവിശ്വാസത്തിന് കാരണം.
കോപ്പർ ഫിറ്റ്ച്ചിന്റെ ഏറ്റവും പുതിയ സർവേ അനുസരിച്ച്, യുഎഇയിലെയും സൗദി അറേബ്യയിലെയും ഏകദേശം 48 ശതമാനം കമ്പനികളും അടുത്ത വർഷം കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഏകദേശം 29 ശതമാനം തൊഴിലുടമകൾ ചെലവ് നിയന്ത്രണത്തിൻ്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം 2026-ൽ മൊത്തം ആഭ്യന്തര ഉത്പാദനം 5.3% വളർച്ച നേടുമെന്ന പ്രതീക്ഷയാണ് ഈ നിയമന താൽപ്പര്യത്തിന് അടിസ്ഥാനം. നോൺ-ഓയിൽ ജിഡിപി 4.8% വളർച്ച നേടുമെന്നും പ്രതീക്ഷിക്കുന്നു. ഏവിയേഷൻ, ഡിഫൻസ്, ഏറോസ്പേസ് എന്നീ മേഖലകളാണ് നിയമനങ്ങളിൽ ഇരട്ട അക്ക വളർച്ച പ്രതീക്ഷിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.
കൂടാതെ, ദേശീയ പരിവർത്തന പരിപാടികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലും കാര്യമായ നിയമനം നടക്കും. അതേസമയം, ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യത ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നുണ്ട്. സീനിയർ എക്സിക്യൂട്ടീവുകളിൽ 40% പേർക്കും നിലവിലെ ടാലന്റ് പൂളിൽ പൂർണ്ണ വിശ്വാസമില്ലാത്തതിനാൽ, സ്പെഷ്യലിസ്റ്റ്, ലീഡർഷിപ്പ് തസ്തികകളിൽ കടുത്ത മത്സരം ഉണ്ടാകുമെന്നും സർവേ വ്യക്തമാക്കുന്നു.
Content Highlights: Nearly half of firms in Gulf Countries plan to hire more staff in 2026