എതിർസ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമം; ജന്തർ മന്തറിലെ ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബഹ്‌റൈൻ പ്രതിഭ

ഭരണകൂടത്തോട് വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങളെ വിലക്കിയും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു

എതിർസ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമം; ജന്തർ മന്തറിലെ ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബഹ്‌റൈൻ പ്രതിഭ
dot image

ഡൽഹിയിലെ ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബഹ്‌റൈൻ പ്രതിഭ. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. അധികാരം ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ തത്വങ്ങൾക്ക് തികച്ചും വിരുദ്ധമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഭരണകൂടത്തിന്റെ രാഷ്ട്രീയ-വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ വോട്ടർപട്ടികയിൽ വരുത്തിയ ക്രമക്കേടുകളും, അർഹരായ വോട്ടർമാരെ ഒഴിവാക്കലും വലിയ ആശങ്കയാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത്തരം വിവേചനപരമായ നടപടികൾക്കെതിരെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.

ഭരണകൂടത്തോട് വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങളെ വിലക്കിയും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് എതിർസ്വരങ്ങളെ കേൾക്കുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നതിലാണ്. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പിന്തിരിപ്പിക്കാൻ ഇത്തരം അടിച്ചമർത്തലുകൾക്കാവില്ല. ജന്തർ മന്തറിൽ നടന്ന അറസ്റ്റുകളെ അപലപിക്കുന്നതോടൊപ്പം, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വികെ സുലേഷും പ്രസിഡന്റ് കെവി മഹേഷും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Content Highlights: Bahrain Prathibha has condemned the detention of left-wing leaders and public representatives during protests at Jantar Mantar in New Delhi, calling for the protection of democratic rights and a fair investigation into alleged electoral irregularities.

dot image
To advertise here,contact us
dot image