

മനുഷ്യസ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും മഹത്തായ മാതൃകകളെ ആദരിക്കുന്നതിനായി ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ്) ഏർപ്പെടുത്തിയ 2026-ലെ 'സിംസ് വർക്ക് ഓഫ് മേഴ്സി' അവാർഡ് ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിക്കും. ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രിക്കാണ് ഈ വർഷത്തെ പുരസ്കാരം നൽകുന്നത്. കൂടാതെ, ബഹ്റൈനിലെ വിവിധ ആശുപത്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 നഴ്സുമാരെയും അവരുടെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ച് പ്രത്യേകം ആദരിക്കുമെന്ന് സിംസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രോഗത്തിന്റെയും വേദനയുടെയും ഭയത്തിന്റെയും നിർണ്ണായക നിമിഷങ്ങളിൽ രോഗികൾക്ക് താങ്ങും തണലുമായി മാറുന്ന നഴ്സുമാരുടെ സേവനം മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. ചികിത്സയ്ക്കൊപ്പം ആശ്വാസവും കരുതലും ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നുനൽകുന്ന നഴ്സുമാരുടെ ഈ സമർപ്പണത്തെ മാനിച്ചാണ് പുരസ്കാരം ഇത്തവണ നഴ്സിംഗ് സമൂഹത്തിന് നൽകാൻ തീരുമാനിച്ചത്.
2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7.30-ന് ബഹ്റൈനിലെ അദാരി പാർക്കിലുള്ള ന്യൂ സീസൺ ഹാളിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്. നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡിയും ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എംപിയും ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. സിംസ് പ്രസിഡന്റ് പിടി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിക്കും. ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രിയുടെ നാഷണൽ കോർഡിനേറ്റർമാരായ വിനി ജിമ്മിയും ജിംഷി ജോസും ചേർന്ന് മുഖ്യാതിഥികളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
ചടങ്ങിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗീസ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ എന്നിവരും ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു സംസാരിക്കും. ജേക്കബ് വാഴപ്പിള്ളി, ജിമ്മി ജോസഫ്, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, സെക്രട്ടറി മേരി രഞ്ജിത്ത് തുടങ്ങിയ സിംസ് ഭരണസമിതി അംഗങ്ങളും മുൻ പ്രസിഡന്റുമാരും ചടങ്ങിന് നേതൃത്വം നൽകും.
2012-ൽ ആരംഭിച്ച സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ്, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകകളെ സമൂഹത്തിന് പരിചയപ്പെടുത്താനാണ് നൽകിവരുന്നത്. 2012-ലെ പ്രഥമ പുരസ്കാരം ഫാ. ഡേവിസ് ചിറമേലാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ഷെയ്ഖ് ദുഐജ് അൽ ഖലീഫ ബിൻ അൽ ഖലീഫ (2015), പിയു തോമസ് (2016), കെഎംസിസി ബഹ്റൈൻ (2017), ഡോ. എംഎസ് സുനിൽ (2018), ദയാബായി (2019), സിസ്റ്റർ ലൂസി കുര്യൻ (2024) എന്നിവരും ഈ ആദരവിന് അർഹരായിട്ടുണ്ട്.
Content Highlights: The Bahrain nursing community has received recognition with the announcement of the SIMS Work of Mercy Award. The award highlights the dedication, compassion and valuable contributions of nurses serving the community.