

ഐഐടി മദ്രാസിന്റെ പ്രശസ്തമായ 'സ്‌കൂൾ കണക്റ്റ് പ്രോഗ്രാമി'ൽ പങ്കാളിയായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ. വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ പരിചയപ്പെടാനും ഉന്നത നിലവാരമുള്ള പഠനാവസരങ്ങൾ നേടാനും പ്രമുഖ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുമുള്ള സ്‌കൂളിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണിത്. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഐഐടി മദ്രാസിൽ നിന്നുള്ള വിവിധ കോഴ്‌സുകൾ, മെന്റർഷിപ്പ് അവസരങ്ങൾ, അക്കാദമിക കാര്യങ്ങൾ, വിദഗ്ദ്ധ മാർഗനിർദ്ദേശം എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാകും. പ്രോഗ്രാം ആരംഭിച്ചയുടൻ തന്നെ 380-ലധികം വിദ്യാർത്ഥികൾ ഇതിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
ബഹ്‌റൈനിൽ വിദ്യാഭ്യാസം തുടരുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിന്റെ അക്കാദമിക് മികവ് പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പാഠ്യപദ്ധതിക്ക് അനുപൂരകമായ മേഖലകളിൽ അറിവും നൈപുണ്യവും വികസിപ്പിക്കാനും നൂതനാശയങ്ങൾ, വിമർശനാത്മക ചിന്ത എന്നിവ വളർത്താനും ഇത് അവസരമൊരുക്കും. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ ഐഐടി മദ്രാസുമായുള്ള ഈ സഹകരണം സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രയാത്രയിലെ മറ്റൊരു പൊൻതൂവലാണ്.
അക്കാദമിക മികവും നൂതനത്വവും ലക്ഷ്യമാക്കിയുള്ള സ്‌കൂളിന്റെ തുടർച്ചയായ പരിശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും ഈ സഹകരണത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആത്മവിശ്വാസത്തോടെ സംഭാവന നൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ വ്യക്തമാക്കി. പാരമ്പര്യ അതിരുകൾക്കപ്പുറം കടന്ന് അറിവ് നേടാനും വളർന്നുവരുന്ന പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി ഭാവിയിലേക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ഐഐടി മദ്രാസിന്റെ ഈ പ്രോഗ്രാം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി അഭിപ്രായപ്പെട്ടു.
Content Highlights: The Indian School Bahrain has become a partner school of IIT Madras through its School Connect Programme. Students from Classes IX to XII can explore future-focused disciplines, access courses and benefit from academic guidance. More than 300 students from the school have already enrolled in the initiative.