

വരാനിരിക്കുന്ന 2028, 2029 വര്‍ഷങ്ങളിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ക്ക് യഥാക്രമം ജര്‍മനിയിലെ മ്യൂണിക് ഫുട്‌ബോള്‍ അരീനയും ബാഴ്‌സലോണയിലെ ക്യാമ്പ് നൗവും വേദിയാകുമെന്ന് യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചു. ഗ്രീസിലെ തെസ്സലോനികിയില്‍ ചേര്‍ന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വിവിധ യുവേഫ ടൂര്‍ണമെന്റുകളുടെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചത്. 2028-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മ്യൂണിക് ഫുട്‌ബോള്‍ അരീന വേദിയാകുമ്പോള്‍, 2029-ലെ കലാശപ്പോരാട്ടത്തിനാണ് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദികളും കമ്മിറ്റി പ്രഖ്യാപിച്ചു. 2028-ലെ ഫൈനല്‍ ലിയോണ്‍-ഡെസിന്‍സിലെ ഒ.എല്‍ സ്റ്റേഡിയത്തിലും 2029-ലേത് കാര്‍ഡിഫിലെ നാഷണല്‍ സ്റ്റേഡിയം ഓഫ് വെയില്‍സിലും നടക്കും. യുവേഫ യൂറോപ്പ ലീഗ് 2028 ഫൈനല്‍ ബുക്കാറസ്റ്റിലെ നാഷണല്‍ അരീനയിലും 2029 ഫൈനല്‍ ബെല്‍ഗ്രേഡിലെ നാഷണല്‍ സ്റ്റേഡിയം ഓഫ് സെര്‍ബിയയിലും നടക്കും. യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫൈനലുകള്‍ 2028-ല്‍ ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലും 2029-ല്‍ ബുഡാപെസ്റ്റിലെ പുസ്‌കാസ് അരീനയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
യുവേഫ സൂപ്പര്‍ കപ്പ് വേദികളും പ്രഖ്യാപിച്ചിട്ടുണ്ട്. 2027 പതിപ്പിന് ആംസ്റ്റര്‍ഡാമിലെ ജോഹാന്‍ ക്രൈഫ് അരീനയും 2028 മത്സരത്തിന് അസ്താനയിലെ അസ്താന അരീനയും വേദിയാകും. കൂടാതെ, 2027-ലെ യുവേഫ ഫുട്‌സാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദിയായി സ്വിറ്റ്സര്‍ലന്‍ഡിലെ ബീല്‍/ബിയേന്‍ അരീനയെ തെരഞ്ഞെടുത്തു.
2026 മേയില്‍ അംഗീകരിച്ച പുതിയ ഫോര്‍മാറ്റിലേക്ക് സുഗമമായി മാറുന്നതിനായി 2026/27 യുവേഫ നേഷന്‍സ് ലീഗിലെ പ്രൊമോഷന്‍, റെലിഗേഷന്‍ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കും യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കി. പുതിയ ആശയമനുസരിച്ച്, 2028/29 പതിപ്പ് മുതല്‍ നാല് ലീഗുകള്‍ക്ക് പകരം മൂന്ന് ലീഗുകള്‍ മാത്രമായിരിക്കും യുവേഫ നേഷന്‍സ് ലീഗില്‍ ഉണ്ടായിരിക്കുക.യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടുത്ത യോഗം ഡിസംബര്‍ 7-ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ വെച്ച് നടക്കും.
content highlights: Munich and Barcelona’s Camp Nou Selected to Host 2028 and 2029 UEFA Champions League Finals