

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പുതിയ മൊബൈല്‍ ആപ്പുമായി ബഹ്‌റൈന്‍. സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അശ്രദ്ധമൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനുമായി സ്മാര്‍ട്ട് ബസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ ആഴ്ച പുറത്തിറക്കും എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ പൊതുമേഖലാ സഹകരണത്തിന്റെ ഭാഗമായി പ്രാദേശിക ഗതാഗത സ്ഥാപനമായ പ്ലസ് റെന്റല്‍ ആണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
പദ്ധതി നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് പ്ലസ് റെന്റല്‍ അധികൃതര്‍ പറഞ്ഞു. ജുഫൈറിലെ കെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിശീലനവും പ്രഥമ ശുശ്രൂഷ, സുരക്ഷാ മുന്‍കുതലുകള്‍ തുടങ്ങിയവയില്‍ ബോധവല്‍ക്കരണവും നല്‍കി. എല്ലാ കുട്ടികളും സുരക്ഷിതരായി ഇറങ്ങി എന്ന് ആപ്പിലൂടെ ഉറപ്പുവരുത്തിയാല്‍ മാത്രമേ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ബസ് യാത്ര അവസാനിപ്പിക്കാന്‍ സാധിക്കാന്‍ കഴിയൂ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
തത്സമയ ട്രാക്കിങിന് (Live Tracking) പുറമേ കുട്ടികള്‍ ബസില്‍ കയറിയോ, ഇറങ്ങിയോ എന്ന് മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും അപ്പോള്‍തന്നെ അറിയാനും സാധിക്കും. കൂടാതെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ആപ്പ് വഴിതന്നെ മുന്‍കൂട്ടി വിവരം നല്‍കാനും സാധിക്കും. ക്യാപ്പിറ്റല്‍ സ്‌കൂള്‍, നസീം ഇന്റര്‍നാഷണല്‍ സ്‌കൂള്‍, നദീന്‍ സ്‌കൂള്‍, ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയ പ്രമുഖ സ്വകാര്യ സ്‌കൂളുകളിലാണ് ഈ ആപ്ലിക്കേഷന്റ ആദ്യഘട്ടം നടപ്പാക്കുന്നത്.
Content Highlight: Bahrain has introduced a Smart Bus application that allows parents to monitor school transportation in real time, enhancing student safety and improving communication between families and transport operators.