

ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനുമായ ഇ എ സലിം രചിച്ച 'പൊന്നൊഴുകി വന്ന കാലം' എന്ന നോവലിന്റെ രണ്ടാം പതിപ്പ് കൊച്ചിയിൽ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ ബഹ്‌റൈൻ കേരളീയ സമാജം കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച 'ഹാർമണി 2026' എന്ന സാംസ്കാരിക വേദിയിലായിരുന്നു പ്രകാശന കർമ്മം നടന്നത്.
പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ മുൻ ബഹ്‌റൈൻ പ്രവാസി പി ടി തോമസിന് പുസ്തകത്തിന്റെ കോപ്പി നൽകിയാണ് രണ്ടാം പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ചത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ഗ്രന്ഥകർത്താവിന്റെ ഭാര്യ ഷേർളി സലിം തുടങ്ങിയ പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു.
ലോകത്തെ മാറ്റിമറിച്ച ഫോസിൽ ഇന്ധന സമ്പദ്‌വ്യവസ്ഥ മനുഷ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് ഈ നോവലിന്റെ മുഖ്യ പ്രമേയം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാഗ്യം തേടി ഗൾഫിലെ എണ്ണപ്പാടങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതാനുഭവങ്ങളും അവരുടെ കഷ്ടപ്പാടുകളും നേട്ടങ്ങളും നോവലിൽ ഇതൾവിരിയുന്നു. ഇതിനുപുറമെ മുല്ലപ്പൂ വിപ്ലവം, കോവിഡ് മഹാമാരി തുടങ്ങിയ സുപ്രധാന ചരിത്രസംഭവങ്ങളും പുസ്തകത്തിൽ വിഷയമാകുന്നുണ്ട്. വിശാലമായ അർത്ഥത്തിൽ, എണ്ണയുടെ രാഷ്ട്രീയത്തെയാണ് ഗ്രന്ഥകർത്താവ് ഇതിലൂടെ വരച്ചുകാട്ടുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചി രാമവർമ്മ ക്ലബ്ബിൽ വെച്ചായിരുന്നു നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. അന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഇ. സന്തോഷ്‌കുമാർ ബെന്യാമിന് നൽകിയാണ് ആദ്യ പ്രകാശനം നിർവ്വഹിച്ചത്. കൊല്ലം സ്വദേശിയായ ഇ.എ സലിം കഴിഞ്ഞ 44 വര്‍ഷമായി ബഹ്‌റൈനിൽ പ്രവാസിയാണ്.
Content Highlights: The second edition of E.A. Salim’s Malayalam novel ‘Ponnozhuki Vanna Kaalam’ has been released, marking the continued interest in the literary work.