

അബുദാബിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള സ്മാർട്ട്, സ്പെഷ്യലൈസ്ഡ് ആംബുലൻസുകൾ പുറത്തിറക്കി അബുദാബി ആരോഗ്യ വകുപ്പ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ, നവജാത ശിശുക്കൾ, അമിതഭാരമുള്ളവർ എന്നിവർക്ക് പ്രത്യേക പരിചരണം നൽകാൻ ശേഷിയുള്ളതാണ് ഈ പുതിയ വാഹനങ്ങൾ. അടിയന്തര മെഡിക്കൽ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കമാൻഡ് സെന്ററും പ്രവർത്തനം ആരംഭിച്ചു.
അബുദാബി ആരോഗ്യ വകുപ്പും സിവിൽ ഡിഫൻസും സംയുക്തമായാണ് അത്യാധുനിക ആംബുലൻസ് ശൃംഖല വിന്യസിച്ചത്. മൂന്ന് തരം ആംബുലൻസുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ജീവൻ രക്ഷാ ഉപകരണമായ എക്‌മോ (ECMO), വെന്റിലേറ്റർ, അൾട്രാസൗണ്ട് സൗകര്യങ്ങളുള്ള മൊബൈൽ ക്രിട്ടിക്കൽ കെയർ യൂണിറ്റാണ് ഇതിൽ പ്രധാനം. കൂടാതെ ഇസിജി, അൾട്രാസൗണ്ട് സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അമ്മമാർക്കും നവജാത ശിശുക്കൾക്കുമായി രൂപകൽപ്പന ചെയ്ത രണ്ടാമത്തെ ആംബുലൻസിൽ, പ്രസവാനന്തര അടിയന്തര പരിചരണത്തിനും നവജാതശിശുക്കളുടെ പരിചരണത്തിനുള്ള പ്രത്യേക സജ്ജീകരണങ്ങളാണ് ഇതിലുള്ളത്. 300 കിലോഗ്രാം വരെ ഭാരമുള്ള അമിതവണ്ണമുള്ള രോഗികളെ കൊണ്ടുപോകാൻ പ്രത്യേക സജ്ജീകരണങ്ങളുള്ള മൂന്നാമതൊരു വാഹനവും 'സ്മാർട്ട് ആംബുലൻസ് ശ്യംഖലയിൽ ഉണ്ട്.
ഇതോടൊപ്പം പ്രവർത്തനമാരംഭിച്ച എമർജൻസി മെഡിക്കൽ ഓപ്പറേഷൻസ് സെന്റർ വഴി 42 ആരോഗ്യ കേന്ദ്രങ്ങളിലെ ഡാറ്റ ഏകോപിപ്പിച്ചാണ് ആംബുലൻസുകളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്നത്. രോഗിയുടെ വിവരങ്ങൾ മുൻകൂട്ടി ആശുപത്രികളിൽ എത്തിക്കാനും ഇത് സഹായിക്കും. എഐ സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി ഹൃദയാഘാത കേസുകളിലെ പ്രതികരണ സമയം 49.5 ശതമാനം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് അനുയോജ്യമായ ആശുപത്രി കണ്ടെത്താനും യാത്രയ്ക്കിടെ തന്നെ രോഗിയുടെ ജീവൽപാരാമീറ്ററുകൾ ആശുപത്രിയിലേക്ക് കൈമാറാനും ഈ കമാൻഡ് സെന്ററിലൂടെ സാധിക്കുന്നു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ ഈ സേവനം ലഭ്യമാകും.
Content Highlights: The Abu Dhabi Department of Health has introduced specialized ambulances to strengthen emergency medical services and improve the speed and quality of care for patients.