വേനൽക്കാലത്തെ ഉച്ചവിശ്രമ സമയം കൂടുതൽ കാലയളവിലേക്ക്; നിയമം നടപ്പാക്കാൻ ബഹ്റൈൻ

മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

വേനൽക്കാലത്തെ ഉച്ചവിശ്രമ സമയം കൂടുതൽ കാലയളവിലേക്ക്; നിയമം നടപ്പാക്കാൻ ബഹ്റൈൻ
dot image

ബഹ്റൈനില്‍ തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം ഈ വര്‍ഷം കൂടുതല്‍ കാലയളവിലേക്ക് നീട്ടാന്‍ തീരുമാനം. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ 15 മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വരും.

ബഹ്റൈനില്‍ കനത്ത ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഉച്ചവിശ്രമ സമയമാണ് ഈ വര്‍ഷം കൂടുതല്‍ കാലയളവിലേക്ക് നീട്ടുന്നത്. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

നേരത്തെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു ഉച്ചസമയത്ത് പുറം ജോലിക്ക് നിരോധനമുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് ജൂണ്‍ പകുതിയോടെ ആരംഭിക്കും. പുതിയ തീരുമാനപ്രകാരം ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെ രണ്ടര മാസക്കാലം ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ ഉണ്ടാകും. ഈ കാലയളവില്‍ നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും ഉച്ചസമയത്ത് ജോലി ചെയ്യുന്നത് പൂര്‍ണമായും നിരോധിക്കും. കൂടിയ ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും സൂര്യാഘാതവും ഒഴിവാക്കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് മാറ്റം കൊണ്ടുവന്നതെന്നും മന്ത്രിസഭ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രിസഭ അനുവാദം നല്‍കി. ഉച്ചവിശ്രയ നിമയം പ്രാബല്യത്തില്‍ വരുന്നതിന് പിന്നാലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് പരിശോധനകള്‍ ശക്തമാക്കും. മുന്‍വര്‍ഷങ്ങളില്‍ 99 ശതമാനം കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

Content Highlights: Bahrain plans to extend the midday work ban during summer to protect workers from extreme heat, with strict enforcement of labour regulations.

dot image
To advertise here,contact us
dot image